സിബിഐക്ക് വിമർശം
സിഎ വിദ്യാർഥിയുടെ തിരോധാനം: ദേശീയ പ്രാധാന്യമില്ലാത്ത കേസെന്ന് സിബിഐ

കൊച്ചി
പള്ളുരുത്തി സ്വദേശിയായ സിഎ വിദ്യാർഥി ആദം ജോ ആന്റണിയുടെ തിരോധാനകേസ് ദേശീയ പ്രാധാന്യമില്ലാത്തതിനാൽ ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ. അങ്ങനെയെങ്കിൽ സിബിഐയുടെ സഹായം ആവശ്യമില്ലെന്ന് വിമർശിച്ച കോടതി, 21കാരനായ മകനെയോർത്ത് ദുഃഖിക്കുന്ന അച്ഛനുവേണ്ടിയാണ് സഹായം തേടിയതെന്ന് ഓർമിപ്പിച്ചു. പൊലീസ് അന്വേഷണം തുടരാനും അന്വേഷണപുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന പൊലീസ് മേധാവിയോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദേശിച്ചു.
2024 ജൂലെെ 27ന് വീട്ടിൽനിന്ന് സെെക്കിളുമായി പുറത്തുപോയ മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പള്ളുരുത്തി കൊല്ലശേരി കെ ജെ ആന്റണി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് നിർദേശം. മകൻ മറ്റ് സംസ്ഥാനങ്ങളിലേക്കോ ഇന്ത്യക്കുപുറത്തേക്കോ പോകാനുള്ള സാധ്യത പരിഗണിക്കണമെന്നും ദേശീയ ഏജൻസി അന്വേഷിക്കണമെന്നും ഹർജിയിലുണ്ട്. ഇതിൽ സിബിഐയുടെ വിശദീകരണം തേടിയപ്പോഴാണ് ദേശീയ പ്രാധാന്യമുള്ള കേസല്ലെന്നും അന്വേഷണം ഏറ്റെടുക്കാൻ മനുഷ്യശേഷി ഇല്ലെന്നും അറിയിച്ചത്.
പ്രധാനമായും അഴിമതിക്കേസുകൾ അന്വേഷിക്കുന്ന ഏജൻസിയാണെന്നും പൊലീസ് കൃത്യമായി നടപടിയെടുക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും സിബിഐ അഭിഭാഷകൻ വാദിച്ചു. വിഷയം ജൂലൈ രണ്ടിന് വീണ്ടും പരിഗണിക്കും. തിരോധാനം അന്വേഷിക്കാൻ കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ 13 അംഗ സംഘത്തെ നിയോഗിച്ചിരുന്നു. യുവാവ് കപ്പൽശാലവരെ സെെക്കിളിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പിന്നീടുള്ള വിവരങ്ങൾ ലഭ്യമായിരുന്നില്ല.









0 comments