കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ സര്‍ക്കാര്‍ നിയമിച്ച കഴകക്കാരന്‍ തന്നെ ജോലി ചെയ്യണം: മന്ത്രി വി എന്‍ വാസവന്‍

v n vasavan
വെബ് ഡെസ്ക്

Published on Mar 10, 2025, 08:36 PM | 1 min read

തിരുവനന്തപുരം: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം നിയമങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ നിയമിച്ച കഴകക്കാരന്‍ ആ തസ്തികയില്‍ ക്ഷേത്രത്തില്‍ തന്നെ ജോലി ചെയ്യണം എന്നുള്ളതാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍.


ഡിമാന്റ്‌ ഡിസ്കഷന് മറുപടിപറയവെയാണ് ഈ വിഷയത്തിലെ സര്‍ക്കാരിന്റെ നിലപാട് മന്ത്രി വ്യക്തമാക്കിയത്. നവോത്ഥാന നായകര്‍ ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണില്‍ ജാതിയുടെ പേരില്‍ ഒരാളെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് സാംസ്കാരിക കേരളത്തിന് അപമാനകരമായ സംഭവമാണെന്നും മന്ത്രി പറഞ്ഞു.


തന്ത്രിമാരുടെ വിയോജിപ്പിനെ തുടര്‍ന്ന് അദ്ദേഹത്തെ ക്ഷേത്രത്തില്‍ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ല. കൂടല്‍ മാണിക്യം ആക്ടും, റഗുലേഷനും പ്രകാരം ക്ഷേത്രത്തിലെ കഴകം ജോലികള്‍ നിര്‍വഹിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങളും, ഉത്തരവുകളും കാലാകാലങ്ങളില്‍ നല്‍കിവരുന്നുണ്ട്. പ്രസ്തുത നിര്‍ദ്ദേശങ്ങളില്‍ കഴകം തസ്തികയിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് 2003-ല്‍ പുറപ്പെടുവിച്ച റഗുലേഷനിലെ നാലാം ഖണ്ഡിക പ്രകാരം 2 കഴകം പോസ്റ്റുകള്‍ ആണ് നിലവിലുള്ളത്.


പ്രസ്തുത പോസ്റ്റിലേക്കുള്ള നിയമനം എങ്ങനെയായിരിക്കണമെന്ന് റഗുലേഷന്‍റെ 4-ാം ഖണ്ഡിക പ്രകാരം നിഷ്കര്‍ഷിച്ചിട്ടുണ്ട്. അതനുസരിച്ച് 1025+ ഡി എ ശമ്പള സ്കെയില്‍ ഉള്ള കഴകം തസ്തികയിലേക്ക് പാരമ്പര്യമായി തന്ത്രി നിര്‍ദ്ദേശിക്കുന്ന വ്യക്തിയേയും 1300, 1880 ശമ്പള സ്കെയിലുള്ള കഴകത്തെ നേരിട്ടുള്ള നിയമനം വഴി കേരള ദേവസ്വം റിക്രൂട്ടമെന്‍റ് ബോര്‍ഡ് മുഖേന നിയമിക്കാമെന്നുമാണ് വ്യവസ്ഥ ചെയ്തിരിക്കുത്.


ഇതില്‍ രണ്ടാമത്തെ കഴകം പോസ്റ്റിലേക്ക് 24.02.2025 തീയതിയില്‍ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് വഴി നിയമിതനായ ബാലുഎന്ന വ്യക്തി കഴകം ജോലി ചെയ്യുന്നതിലാണ് തന്ത്രിമാര്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. അത്തരം ഒരു തീരുമാനം ഉണ്ടായത് നിര്‍ഭാഗ്യകരമായ ഒന്നായിപ്പോയി. അബ്രാഹ്മണരെ പൂജാരിമാരാക്കിയ നാടാണിത്. അതിനാല്‍ ആ പോസ്റ്റില്‍ നിയമിതനായ വ്യക്തി അവിടെ നിഷ്കര്‍ഷിച്ച ജോലി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.


വൈക്കം സത്യാഗ്രഹ സമരഭൂമിയില്‍ ഗാന്ധിജി സന്ദര്‍ശനം നടത്തിയതിന്റെ ശതാബ്ദ്ദി ആഘോഷം നടത്തുന്ന സമയത്താണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായത് എന്നതും നാം ഓര്‍ക്കേണ്ടതാണ്. പുരോഗമനപരമായ നിലപാടാണ് കേരളസമൂഹം സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home