ഓണ്‍ലൈന്‍ ഓഹരി വില്‍പ്പനയിലൂടെ കോടികള്‍ തട്ടിയ കേസ്; പ്രധാന പ്രതി അറസ്റ്റിൽ

കൊച്ചി: ഓണ്‍ലൈന്‍ ഓഹരി വില്‍പ്പനയിലൂടെ കോടികള്‍ വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറില്‍നിന്ന് നാല് കോടി തട്ടിയ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. എറണാകുളം അറക്കപ്പടി സ്വദേശി സൈനുല്‍ ആബിദ് (41) ആണ് പിടിയിലായത്. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്ക്വാഡ് എറണാകുളത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കേസിൽ രണ്ട് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. തമിഴ്നാട് കാഞ്ചിപുരം സ്വദേശി മഹബൂബാഷ ഫാറൂഖ് (39), അറക്കപ്പടി സ്വദേശി റിജാസ് (41) എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.
അപ്പ് സ്റ്റോക്ക് എന്ന കമ്പനിയുടെ വെല്‍ത്ത് പ്രോഫിറ്റ് പ്ലാന്‍ സ്കീമിലൂടെ വന്‍ ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ നടന്നത്. 18 ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡോക്ടറെകൊണ്ട് പണം നിക്ഷേപിപ്പിച്ചു. 4,43,20,000 രൂപയാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞ ജൂണ്‍ 25ന് ഇതു സംബന്ധിച്ച് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കി.
ഡോക്ടര്‍ പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ടുകളില്‍ ഒരെണ്ണം ചെന്നൈയിലാണ്. ഇതിന്റെ മേല്‍വിലാസത്തില്‍ സൈബര്‍ സംഘം അന്വേഷിച്ചെത്തിയപ്പോഴാണ് തട്ടിപ്പ് സംഘത്തിലെ മഹബൂബാഷ ഫാറൂഖ്, റിജാസ് എന്നിവരെക്കുറിച്ച് വിവരം ലഭിച്ചത്. സൈനുല്‍ ആബിദിന്‍റെ നിര്‍ദേശ പ്രകാരം മഹബൂബാഷ ഫാറുഖും റിജാസും ചെന്നൈ സ്വദേശിയായ സിന്തില്‍ കുമാര്‍ എന്നയാളെ കബളിപ്പിച്ചു കൈക്കലാക്കിയ ബാങ്ക് അക്കൗണ്ടിലേക്കാണ് ഡോക്ടര്‍ക്ക് നഷ്ടപ്പെട്ട തുകയില്‍ 40 ലക്ഷത്തോളം രൂപ എത്തിയത്.
ഈ തുക ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി മറ്റ് അക്കൗണ്ടുകളിലേയ്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും ഇതില്‍ നിന്ന് ഒന്നരലക്ഷം രൂപ തവണകളായി ആലുവയിലെ എ ടി എമ്മില്‍ നിന്നും പിന്‍വലിച്ചതായും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ടും നേരത്തേ അറസ്റ്റിലായ മഹബൂബാഷ ഫാറൂഖ്, റിജാസ് എന്നിവരുടെ ഫോണ്‍ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൈനുല്‍ ആബിദിലേക്ക് എത്തിച്ചേര്‍ന്നത്.
ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇരയാവുകയോ ചെയ്താല്‍ ഉടന്‍തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന് വെബ്സൈറ്റ് മുഖേനയോ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.









0 comments