ഫോർട്ട് കൊച്ചി കോസ്‌റ്റൽ പൊലീസാണ് കേസെടുത്തത്
എംഎസ്‌സി എൽസ 3 കപ്പലപകടം ; കപ്പൽ കമ്പനിക്കെതിരെ കേസ്

കൊച്ചി
കേരളതീരത്തെ പുറംകടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ ചരക്കുകപ്പലിന്റെ ഉടമകളായ കമ്പനിക്കും ക്യാപ്‌റ്റനും എതിരെ പൊലീസ് കേസെടുത്തു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു ആലപ്പുഴ ജില്ലാ സെക്രട്ടറി സി ഷാംജിയുടെ പരാതിയിൽ ഫോർട്ട് കൊച്ചി കോസ്‌റ്റൽ പൊലീസാണ് കേസെടുത്തത്. ഇദ്ദേഹത്തിന്റെ മൊഴിയെ ടുത്തു.
കോസ്‌റ്റൽ ഐജിക്ക് ഇ മെയിൽ വഴി ലഭിച്ച പരാതി ഫോർട്ട് കൊച്ചി കോസ്‌റ്റൽ പൊലീസിന് കൈമാറുകയായിരുന്നുവെന്ന് എസ്‌എച്ച്‌ഒ ടി എസ് ശിവകുമാർ പറഞ്ഞു.
മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി)യാണ് ചരക്കുകപ്പലിന്റെ ഉടമ. റഷ്യൻ പൗരനായ ഇവാനോ അലക്‌സാണ്ടറാണ് ക്യാപ്‌റ്റൻ. കേസെടുക്കാൻ സർക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചിരുന്നു. സിവിൽ കേസാണ് നഷ്ടപരിഹാരം കിട്ടാൻ ഉചിതമെന്നും നിർദേശിച്ചിരുന്നു.
കണ്ടെയ്‌നറുകളിൽ എളുപ്പം തീപിടിക്കാൻ സാധ്യതയുള്ള ചരക്കും സ്‌ഫോടകവസ്‌തുക്കളുമുണ്ടെന്നറിഞ്ഞിട്ടും മനുഷ്യജീവനും സ്വത്തിനും അപകടമുണ്ടാക്കുംവിധം അശ്രദ്ധമായി കൈകാര്യം ചെയ്‌തതാണ് കപ്പൽ മുങ്ങാനിടയാക്കിയതെന്നാണ് പരാതി. പരിസ്ഥിതിപ്രശ്‌നങ്ങൾക്കൊപ്പം മത്സ്യത്തൊഴിലാളികൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. കപ്പൽച്ചാലിലും സമീപത്തും യാനങ്ങൾക്ക് മാർഗതടസ്സമുണ്ടായെന്നും പരാതിയിലുണ്ട്.
മനുഷ്യജീവനോ ജീവജാലങ്ങൾക്കോ ഹാനികരമാകുംവിധം കപ്പൽ ഓടിക്കൽ (ബിഎൻഎസ് 282), കപ്പൽച്ചാലിൽ അപകടം സൃഷ്ടിക്കൽ (ബിഎൻഎസ് 285), വിഷ പദാർഥം അശ്രദ്ധമായി കൈകാര്യം ചെയ്യൽ (ബിഎൻഎസ് 286), തീപിടിക്കുന്ന വസ്‌തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യൽ (ബിഎൻഎസ് 287), സ്‌ഫോടകവസ്‌തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യൽ (ബിഎൻഎസ് 288), സംഘം ചേർന്നുള്ള ക്രിമിനൽ പ്രവൃത്തി (ബിഎൻഎസ് 3(5)) തുടങ്ങിയ വകുപ്പുകൾപ്രകാരമാണ് കേസെടുത്തത്.
തോട്ടപ്പള്ളി സ്‌പിൽവേയിൽനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ മെയ് 24നാണ് എംഎസ്‌സി എൽസ 3 അപകടത്തിൽപ്പെട്ടത്. അടുത്തദിവസം കപ്പൽ പൂർണമായി മുങ്ങി. മുഴുവൻ ജീവനക്കാരെയും രക്ഷപ്പെടുത്തിയിരുന്നു.









0 comments