'പൊതുമധ്യത്തിൽ അപമാനിച്ചു'; സാന്ദ്രാ തോമസിന്റെ പരാതിയിൽ ബി ഉണ്ണികൃഷ്ണനെതിരെ കേസ്

കൊച്ചി: നിർമാതാവ് സാന്ദ്രാ തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന സാന്ദ്രയുടെ പരാതിയിലാണ് കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് പരാതിയിൽ കേസെടുത്തത്. ബി ഉണ്ണികൃഷ്ണൻ കേസിൽ ഒന്നാം പ്രതിയാണ്. നിർമാതാവ് ആന്റോ ജോസഫ് ആണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയതിന് സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും നിര്‍മാതാക്കളുടെ സംഘടന യോഗത്തില്‍ തന്നെ അപമാനിച്ചതായും സാന്ദ്ര പരാതിയിൽ പറയുന്നു.
കഴിഞ്ഞ നവംബർ 5ന് നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്രാ തോമസിനെ പുറത്താക്കിയിരുന്നു. അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചായിരുന്നു നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം നിർമാതാക്കളുടെ സംഘടനയ്ക്ക് നേരെ സാന്ദ്ര തോമസ് രൂക്ഷമായ വിർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ സാന്ദ്രാ തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി ഡിസംബർ 17ന് എറണാകുളം സബ്കോടതി സ്റ്റേ ചെയ്തിരുന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഉൾവിഭാഗമുണ്ടെന്നും അവരാണ് അസോസിയേഷൻ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സാന്ദ്ര തോമസ് നേരത്തെ വിമർശിച്ചിരുന്നു. സംഘടനയിലെ സ്ത്രീകളെ പൂർണമായും അവഗണിക്കുന്നു. സ്ത്രീകൾ സംഘടനയിൽ ഇല്ലാത്തതുപോലെയാണ് പെരുമാറ്റമെന്നും സാന്ദ്ര പറഞ്ഞിരുന്നു.









0 comments