വനം വകുപ്പ് കണക്കുകൾ

കേരളത്തിൽ നാട്ടാനകളുടെ എണ്ണം കുത്തനെ കുറയുന്നു

elephant-race
avatar
എം സനോജ്

Published on Mar 11, 2025, 07:06 PM | 2 min read

നിലമ്പൂര്‍:

വനംവകുപ്പ് നടത്തിയ പുതിയ കണക്കെടുപ്പില്‍ സംസ്ഥാനത്ത് നാട്ടാനകളുടെ എണ്ണം കുറയുന്നതായി കണ്ടെത്തല്‍. കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ 132 നാട്ടാനകളാണ് സംസ്ഥാനത്ത് കുറഞ്ഞിട്ടുള്ളത്. ഹൈക്കോടതി നിര്‍ദേശപ്രകാരം വനംവകുപ്പിലെ സോഷ്യല്‍ ഫോറസ്ട്രി വിഭാ​ഗം ഫെബ്രുവരി 15 ന് സമർപ്പിച്ച കണക്കു പ്രകാരം 389 നാട്ടാനകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതായി കണ്ടെത്തിയത്.


സുപ്രീകോടതി നിര്‍ദേശപ്രകാരം 2018 നവംബര്‍ 29 ന് നടത്തിയ നാട്ടാന സെന്‍സെസ് പ്രകാരം 521 നാട്ടാനകള്‍ സംസ്ഥാനത്തുണ്ടായിരുന്നു. 2020 ലെ പ്രാഥമിക വിവരശേഖരണത്തില്‍ 496 എണ്ണമായി. 2023 ല്‍ 430 എണ്ണമായും കുറഞ്ഞു. 330 കൊമ്പന്‍മാരും 59 പിടിയാനുകളുമാണ് നിലവിലുള്ളത്. ഇരുപത് വര്‍ഷം മുന്‍പ് ആയിരത്തിലധികം നാട്ടാനകള്‍ കേരളത്തിലുണ്ടായിരുന്നു.


ആനകളുടേയും ഉടമസ്ഥരുടേയും പാപ്പാന്മാരുടേയും പേരുവിവരങ്ങൾ, ആനകളെ തിരിച്ചറിയുവാനുള്ള മൈക്രോചിപ്പ് വിവരങ്ങൾ എന്നിവയ്ക്കു പുറമേ ആനകളുടെ ഡി എൻ എ പ്രോഫൈൽ സഹിതമുള്ള വിശദാംശങ്ങളാണ് ശേഖരിച്ചത്. ആനയുടെ ഉയരം, നീളം, തുമ്പിക്കൈ, കൊമ്പ്, വാൽ എന്നിവയുടെ അളവ്, ചിത്രങ്ങൾ എന്നിവയെല്ലാം വിവരശേഖരത്തിൽ ഉൾപ്പെടും.


കുടുതലും തൃശൂരിൽ, നാട്ടാനകളില്ലാതെ കാസർകോട്


ഇപ്പോൾ ഏറ്റവും കൂടുതൽ ആനകളുള്ളത് തൃശൂരിലാണ്. കുറവ് കണ്ണൂരുമാണ്. 101 ആനകളുടെ വിവരങ്ങൾ തൃശ്ശൂരിൽ നിന്നും ലഭിച്ചപ്പോൾ 7 ആനകളുടെ വിശദാംശങ്ങളാണ് കണ്ണൂരിൽ നിന്നും ലഭ്യമായത്. നാട്ടാനകളില്ലാത്ത ഏകജില്ല കാസർകോടാണ്. ജില്ലകളിലെ സാമൂഹ്യ വനവത്ക്കരണ വിഭാഗം അസി ഫോറസ്റ്റ് കൺസർവേറ്റർമാരുടെ നേതൃത്വത്തിലാണ് സെൻസസ് നടപടികൾ പൂർത്തിയാക്കിയത്.


വനംവകുപ്പ്, സര്‍ക്കാര്‍ ദേവസ്വം, സ്വകാര്യ ദേവസ്വം, സ്വകാര്യ വ്യക്തികള്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് നാട്ടാനകളുള്ളത്. 2018 ലെ സെന്‍സെസ് പ്രകാരം നാട്ടാനകളുടെ മരണനിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ബിഡിസി) ചെയര്‍മാനായ വെറ്ററിനറി ഡോക്‍ടര്‍മാരുടെ വിദ​ഗ്ദസംഘം പഠന നടത്തിയിരുന്നു.

മരണനിരക്കിന് പിന്നിൽ ചൂഷണം


പോഷകാഹാരക്കുറവ്, വിശ്രമമില്ലായ്മ, അമിതമായ ജോലിഭാരം, തെറ്റായ ആഹാരരീതി എന്നിവയാണ് ആനകളുടെ മരണനിരക്ക് അസാധാരണമായി വര്‍ധിക്കുന്നതിന് കാരണമായി സമിതി കണ്ടെത്തിയത്.

പാദരോ​ഗം, എരണ്ടക്കെട്ട് എന്നിവ ബാധിച്ചും ആനകള്‍ ചരിയുന്നുണ്ട്. 2012 ലെ കേരള നാട്ടാന പരിപാലന ചട്ടം ലംഘിക്കുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്. ഓരോ വര്‍ഷവും നാട്ടാനകളുടെ എണ്ണം ക്രമാതീതമായിട്ടാണ് കുറയുന്നത്.


വനം വകുപ്പിന്‍റെ കീഴില്‍ നാട്ടാനകളുടെ ക്ഷേമവും പരിപാലനവും ഉറപ്പുവരുത്തുന്നതിനായി കോട്ടൂര്‍, കോന്നി, വയനാട്, ധോണി, കാപ്രിക്കാട് എന്നിവടങ്ങളില്‍ ആന പരിപാലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ 1 ല്‍ വരുന്ന വന്യജീവിയാണ് നാട്ടാന. 2020 മുതല്‍ 2025 ജനുവരി വരെ 20 പേര്‍ നാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


ഇടുക്കി ജില്ലയിലെ നാട്ടാനകളുടെ എണ്ണത്തില്‍ കണക്കില്‍ വലിയ മാറ്റവും കാണുന്നുണ്ട്. 2018 ലെ കണക്കുകൾ അവ്യക്തമാണ്. 2025 ല്‍ 8 ആയി കുറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു. 2024 ൽ എ​റ​ണാ​കു​ളം​ ​കാ​ക്ക​നാ​ട് ​സ്വ​ദേ​ശി​ ​രാ​ജു​ ​വാ​ഴ​ക്കാ​ല​യ്ക്ക് ​പ്രി​ൻ​സി​പ്പ​ൽ​ ​ചീ​ഫ് ​ഫോ​റ​സ്റ്റ് ​ക​ൺ​സ​ർ​വേ​റ്റ​ർ​ ​(​വൈ​ൽ​ഡ് ​ലൈ​ഫ്)​ ​ന​ൽ​കി​യ​ ​വി​വ​രാ​വ​കാ​ശ​ ​മ​റു​പ​ടി​യി​ൽ മൊത്തം നാട്ടാനകളുടെ എണ്ണം 369 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ​



ജില്ല -2018 ലെ സെന്‍സെസ് -2025 ലെ കണക്കുകൾ എന്ന ക്രമത്തിൽ

തിരുവനന്തപുരം 48 - 34

കൊല്ലം 61 - 57

പത്തനംതിട്ട 25 - 24

ആലപ്പുഴ 20- 17

കോട്ടയം 64 - 60

ഇടുക്കി 48 - 8

എറണാകുളം 23 -24

തൃശൂര്‍ 145 - 101

പാലക്കാട് 55 - 25

മലപ്പുറം 7 - 13

കോഴിക്കോട് 12 - 10

വയനാട് 10 - 9

കണ്ണൂര്‍ 3 - 7



deshabhimani section

Related News

View More
0 comments
Sort by

Home