ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കാൻസർ സ്‌ക്രീനിംഗ്: വീണാ ജോർജ്

veena
വെബ് ഡെസ്ക്

Published on Feb 16, 2025, 06:02 PM | 1 min read

തിരുവനന്തപുരം: 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും പ്രത്യേകമായി കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുന്‍ നിശ്ചയ പ്രകാരം ഫെബ്രുവരി 17, 18 തീയതികളിലാണ് ഇവര്‍ക്ക് പ്രത്യേകമായി സ്‌ക്രീനിംഗ് നടത്തുക. എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരും അവരുടെ അധികാര പരിധിയിലുള്ള ആശ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക്കുകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പ്രാഥമിക പരിശോധനകളും സൗജന്യമായി നല്‍കുന്നതാണ്. മെഡിക്കല്‍ ഓഫീസര്‍മാര്‍ അതത് പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്കായി കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ ക്രമീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആശാവര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും ഈ സ്‌ക്രീനിംഗില്‍ പങ്കെടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.


ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും സ്‌ക്രീനിംഗ് സൗകര്യം ലഭ്യമാണ്.


ഇതുവരെ 1.40 ലക്ഷത്തോളം പേരാണ് കാന്‍സര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ 1328 സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീന്‍ ചെയ്തതില്‍ 6386 പേരെ കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍ പരിചരണവും ലഭ്യമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home