ഇത്തിരി കുഞ്ഞൻ കറുമ്പി ഇനി ഗിന്നസിന്റെ നെറുകയിൽ

നിധിൻ രാജു
Published on Jan 20, 2025, 01:06 AM | 1 min read
ഇടുക്കി : ഗിന്നസ് ലോക റെക്കോഡിന്റെ കൊടുമുടികയറാൻ കുട്ടിക്കാനത്തെ ഇത്തിരിക്കുഞ്ഞൻ പെണ്ണാട്. കുട്ടിക്കാനം മേലേമണ്ണിൽ ലിനു പീറ്ററാണ് ഈ ‘കുഞ്ഞാടി’ന്റെ ഇടയൻ. കനേഡിയൻ പിഗ്മി വിഭാഗത്തിലുള്ള ആടിന് വെറും 40 സെന്റീമീറ്ററാണ് ഉയരം. അമേരിക്കക്കാരന്റെ 60 സെന്റീമീറ്ററിനടുത്ത് ഉയരമുണ്ടായിരുന്ന ആടിന്റെ പേരിലായിരുന്നു ഗിന്നസ് റെക്കോഡ്. നാലുവയസ് പ്രായമുള്ള ആടിന് ‘കറുമ്പി’ എന്നാണ് വിളിപ്പേര്. കറുമ്പിക്ക് എട്ടുമാസം പ്രായമായ കുഞ്ഞുമുണ്ട്. അടുത്ത കുഞ്ഞിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഒന്നരമാസമായി. ഈ ഇനത്തിൽപ്പെട്ട ആടുകളെ വളർത്താൻ തുടങ്ങിയിട്ട് 12 വർഷമായെന്ന് ലിനു പറയുന്നു. നിലവിൽ 18 ‘പിഗ്മി’കൾ ലിനുവിന്റെ അരുമകളായുണ്ട്. 12 മുതൽ 15 വർഷം വരെയാണ് ഇവയുടെ ആയുർദൈർഘ്യം.
ഗിന്നസ് റെക്കോഡിന്റെ നിബന്ധനകളനുസരിച്ചുള്ള ശാസ്‌ത്രീയ പരിശോധനകൾ പൂർത്തിയാക്കി. വണ്ടിപ്പെരിയാർ മൃഗാശുപത്രി സർജൻ ഡോ. ശിൽപ, ഫീൽഡ് ഓഫീസർമാരായ ജയൻ, രാജ് എന്നിവരടങ്ങിയ സംഘമാണ് ശാസ്‌ത്രീയ പരിശോധന നടത്തിയത്. സാങ്കേതികവിദഗ്‌ധരായ സുനിൽ ജോസഫ്, അശ്വിൻ വാഴുവേലിൽ, എം അനീഷ് എന്നിവർ കൂടുതൽ നിരീക്ഷണങ്ങൾ നടത്തി. രേഖകൾ വിധിനിർണയ സമിതിക്ക് അയച്ചിട്ടുണ്ട്.
കുട്ടിക്കാനം മാർ ബസേലിയസ് എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ ഇൻസ്ട്രക്‌ടറായ ലിനുവിന്റെ പക്കൽ വൈവിധ്യമേറിയ കോഴി ഇനങ്ങളുമുണ്ട്. പോരുകോഴി, നേക്കഡ് നെക്ക്, തൊപ്പിക്കോഴി, കുറുങ്കാലി, കാപ്പിരിക്കോഴി തുടങ്ങിയ ഇനങ്ങളും വെച്ചൂർ പശുക്കളും ഫാമിലുണ്ട്. കൂടാതെ മൂന്നേക്കർ സ്ഥലത്ത് പച്ചക്കറി–ഫലവൃക്ഷത്തോട്ടവും പരിപാലിക്കുന്നു. വിനോദ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രം കൂടിയായ കുട്ടിക്കാനത്ത് ഫാം ടൂറിസവും ലിനുവിന് വരുമാന മാർഗമാണ്. ഇത്തിരിക്കുഞ്ഞൻ ആടിനെക്കാണാൻ ധാരാളംപേരാണ് ദിവസവും എത്തുന്നത്. ഭാര്യ അനുവും മക്കളായ ലൂദ്, ലെനറ്റ് എന്നിവരും ‘കട്ടസപ്പോർട്ടാ’യി കൂടെയുണ്ട്.









0 comments