'കൊല്ലണമെന്ന ഉദ്ദേശത്തോടെ മർദിച്ചു'; കെഎസ്‍യു നേതാക്കൾക്കെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത്

മാള: കലിക്കറ്റ് സർവകലാശാലാ ഡി സോൺ കലോത്സവ സംഘാടനത്തിനിടെ എസ്‌എഫ്‌ഐ പ്രവർത്തകരെ കെഎസ്‍യു നേതാക്കൾ ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് റിമൻഡ് റിപ്പോർട്ട്. 'ഒരു എസ്എഫ്‌ഐ ***മക്കളെയും പുറത്തുവിടില്ല, നിന്നെ ഇന്ന് കൊല്ലുമെടാ'- എന്നും പറഞ്ഞായിരുന്നു ആക്രമണം. മുളവടി, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്
അക്രമത്തിൽ പരിക്കേറ്റ് നിലത്തുവീണ കേരളവർമ കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ആശിഷ് കൃഷ്ണനെ അസഭ്യം വിളിച്ച് മുളവടി കൊണ്ട് തലയിലും ചെവിയിലും അടിച്ചത് ഒന്നാം പ്രതി ഗോകുൽ ഗുരുവായൂരാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ടാം പ്രതി അശ്വിൻ ഇരുമ്പുവടി കൊണ്ട് ആശിഷിൻറെ ഷോൾഡറിൽ അടിച്ചത്. മൂന്നാം പ്രതി ആദിത്യ ആശിഷിനെ തടഞ്ഞു നിർത്തി മുഖത്തടിച്ച് നിലത്തു വീഴ്ത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
എസ്‌എഫ്‌ഐ പ്രവർത്തകരേയും കൊല്ലാൻ ശ്രമിച്ച കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗുരുവായൂർ കോട്ടപ്പടി കുഴിക്കാട്ടിൽ ഗോകുൽ(27), സംസ്ഥാന ട്രഷറർ കണിമംഗലം പനമുക്ക് തയ്യിൽ സച്ചിൻ(26), സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മലപ്പുറം പരപ്പനങ്ങാടി അരിയല്ലൂർ പാറക്കണ്ണിത്തറയിൽ വീട്ടിൽ സുദേവ്(31) എന്നിവരെയാണ് മാള പൊലീസ് പിടികൂടിയത്. കെഎസ്‌യു, എംഎസ്‌എഫ് അക്രമികളായ 14 പേർക്കെതിരെ വധശ്രമത്തിന് ഉൾപ്പെടെ കേസെടുത്തിട്ടുണ്ട്. ചാലക്കുടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
മാള ഹോളി ഗ്രേസ് കോളേജിൽ നടന്ന കലോത്സവത്തിനിടെ ചൊവ്വ പുലർച്ചെയാണ് കെഎസ്‌യു അക്രമം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആശിഷ് കൃഷ്‌ണ(20), യൂണിറ്റ് കമ്മിറ്റി അംഗം ഫിദൽ കാസ്‌ട്രോ എന്നിവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ പെരിന്തൽമണ്ണ മുട്ടിങ്ങൽ കൃഷ്‌ണകൃപയിൽ അഗ്നിവേശി(20)ന്റെ തലയിൽ ഒമ്പത് തുന്നിക്കെട്ടുണ്ട്.









0 comments