കേന്ദ്രം ഞെരുക്കിയിട്ടും പിടിച്ചുനിന്ന് കേരളം ; കഴിഞ്ഞ സാമ്പത്തികവർഷത്തെ സിഎജി റിപ്പോർട്ട് സഭയിൽ

തിരുവനന്തപുരം
കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോഴും 2023–-24 സാമ്പത്തിക വർഷത്തിലും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ വലിയ ഇടിവുണ്ടായില്ല. ചൊവ്വാഴ്‌ച നിയമസഭയിൽ സമർപ്പിച്ച സംസ്ഥാനത്തിന്റെ വരവു–-ചെലവ് സംബന്ധിച്ച സിഎജി റിപ്പോർട്ട് അനുസരിച്ചാണിത്.
കേന്ദ്ര ഗ്രാന്റിന്റെ കുറവ് വരുമാനത്തെ ബാധിച്ചു. 1,35,418.67 കോടി രൂപയായിരുന്നു ബജറ്റ് എസ്റ്റിമേറ്റ്. നികുതി, നികുതിയേതരം, ഗ്രാന്റുൾപ്പെടെയുള്ള മറ്റു സഹായങ്ങൾ എന്നിവയിലായി 1,24,486 കോടി രൂപയാണ് ലഭിച്ചത്.
റവന്യു കമ്മി 18,140 കോടിയാണ്. 1,02,464.02 കോടി രൂപയാണ് നികുതിവരുമാനം കണക്കാക്കിയത്. ഇതിൽ 96,071.93 കോടിയും പിരിച്ചെടുത്തു. 93.76 ശതമാനമാണ് ലക്ഷ്യം കണ്ടത്. ഇത് നല്ല മുന്നേറ്റമാണ്. നികുതി പിരിവിലെ കാര്യക്ഷമതയാണ് വ്യക്തമാക്കുന്നത്. നികുതിയേതര വരുമാനം 16,345.96 കോടിയാണ്. ഇതിലും നല്ല മുന്നേറ്റമുണ്ടായെങ്കിലും ഗ്രാന്റുൾപ്പെടെയുള്ള സഹായത്തിലെ കുറവ് ബാധിച്ചു. ഗ്രാന്റും എയ്‌ഡും ആയി 15,866.03 കോടിയായിരുന്നു പ്രതീക്ഷിച്ചത്. ലഭിച്ചത് 12,068.26 കോടി മാത്രം.
കടമെടുക്കുന്നതിലുള്ള കേന്ദ്രസർക്കാരിന്റെ വിവേചനപരമായ നിലപാടും തിരിച്ചടിയായി. 51,856 കോടി രൂപ വായ്‌പയെടുക്കാൻ ലക്ഷ്യമിട്ടെങ്കിലും 35,020 കോടി രൂപ മാത്രമാണ് എടുത്തത്. ഇതിലുണ്ടായ ഭീമമായ കുറവ് കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെ ബാധിച്ചു.
കേരളത്തിന്റെ സാമ്പത്തിക പ്രയാസത്തിന് കാരണം കേന്ദ്ര വിഹിതം കുറഞ്ഞതും വായ്‌പാവകാശ പരിധി വെട്ടിക്കുറച്ചതുമാണെന്ന് ധനമന്ത്രി കെ എൻ ബാലഗേപാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. അത് ശരിവയ്‌ക്കുന്നതാണ് സിഎജി റിപ്പോർട്ട്.








0 comments