റവന്യൂ വരവിൽ വാർഷികവളർച്ച 8.38 % , തനത് നികുതി വരുമാനത്തിൽ വർധന 3.28 %
സംസ്ഥാനത്തിന്റെ വളർച്ചനിരക്കിൽ വൻവർധന ; 8.97% ; സിഎജി റിപ്പോർട്ട് നിയമസഭയിൽ

തിരുവനന്തപുരം
കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനം 2019 – 20ലെ 8,12,935 കോടിയിൽനിന്ന് ശരാശരി വാർഷിക വളർച്ചാനിരക്കിൽ 8.97 ശതമാനം വർധിച്ച് 2023 – 24ൽ 11,46,109 കോടിയായി. 2024 മാർച്ചിൽ അവസാനിച്ച വർഷത്തെ സംസ്ഥാന സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരമാണിത്. റിപ്പോർട്ട് സംസ്ഥാന നിയമസഭയിൽ സമർപ്പിച്ചു.
റവന്യൂ വരവിലും ചെലവിലും വർധനവുണ്ടായി. 2019 – 20മുതൽ 23–24വരെയുള്ള കാലയളവിൽ 8.38 ശതമാനമാണ് റവന്യൂവരവിലെ ശരാശരി വാർഷിക വളർച്ചാനിരക്ക്. 90,224.67 കോടിയിൽനിന്ന് 1,24,486.15 കോടിയായി. തനത് നികുതി വരുമാനം 2022–-23ലെ 71,968.16 കോടിയിൽനിന്ന് 3.28 ശതമാനം വർധിച്ച് 2023-–24ൽ 74,329.01 കോടിയായി.
നികുതിയേതര വരുമാനം ഇതേകാലയളവിൽ 8.12 ശതമാനം വർധിച്ചു. കേന്ദ്ര നികുതികളിലെയും തീരുവകളിലെയും സംസ്ഥാനത്തിന്റെ വിഹിതം 19.07 ശതമാനം വർധിച്ചെങ്കിലും കേന്ദ്രധനസഹായം 2022–-23ലെ 27,377.86 കോടിയിൽനിന്ന് 55.92 ശതമാനം കുറഞ്ഞ് 2023–-24ൽ 12,068.26 കോടിയായി. റവന്യു ചെലവിൽ അഞ്ചു വർഷക്കാലയളവിൽ 8.03 ശതമാനം ശരാശരി വാർഷിക വളർച്ചാ നിരക്കുണ്ടായി. 2019–-20ൽ 1,04,719.92 കോടിയായിരുന്ന റവന്യു ചെലവ് 37,90642 കോടി വർധിച്ച് (36.20 ശതമാനം) 2023-–24ൽ 1,42,626.34 കോടിയായി. ശമ്പളം, വേതനം, പലിശ, പെൻഷൻ എന്നിവ ഉൾപ്പെടുന്ന ബാധ്യതപ്പെട്ട ചെലവുകൾ 2019-–20ൽ 71,221.27 കോടിയായിരുന്നു. 2023-–24ൽ 92,728.15 കോടിയായി. 6.82 ശതമാനമാണ് ശരാശരി വാർഷിക വളർച്ചാ നിരക്ക്. മൂലധന ചെലവ് 2019-–20ൽ 8,454.80 കോടിയായിരുന്നു. 2023-–24ൽ 13,584.45 കോടിയാണ്.
പൊതുമേഖല സ്ഥാപനങ്ങളിലെ സർക്കാർ നിക്ഷേപം 2019–-20ലെ 8,775.35 കോടി 2023–-24ൽ 10,920.97 കോടിയായി. നിക്ഷേപങ്ങളിൽനിന്നുള്ള ആദായം 1.14 ശതമാനത്തിൽനിന്ന് 2.22 ശതമാനമായി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.








0 comments