സർക്കാരിന്റെ ആശ്വാസ നടപടി ; കല–കായികാധ്യാപക - വിദ്യാർഥി അനുപാതം 1:300

തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ യുപി വിഭാഗത്തിൽ കലാ, കായികാധ്യാപക -വിദ്യാർഥി അനുപാതം 1:300 ആയി പുനഃക്രമീകരിച്ച് സർക്കാർ ഉത്തരവ്. 2025–26 അധ്യയന വർഷത്തെ തസ്‌തിക നിർണയത്തിൽ തസ്‌തിക നഷ്‌ടം സംഭവിക്കുന്ന കലാ-, കായികധ്യാപകരെ നിലനിർത്തുന്നതിനാണ് കെഇആറിൽ ഇളവ് നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) അനുസരിച്ച് യുപി വിഭാഗത്തിൽ കായികാധ്യാപക തസ്‌തിക അനുവദിക്കുന്നതിന് ഏറ്റവും കുറഞ്ഞത് 500 കുട്ടികളെങ്കിലും വേണം. യുപി വിഭാഗത്തിൽ 1:300 എന്ന അനുപാതം കണക്കാക്കുമ്പോൾ തസ്‌തിക നഷ്‌ടപ്പെടുന്നവരെ അതേ സ്‌കൂളിലെ എൽപി വിഭാഗം കൂടി ഒരുമിപ്പിച്ച് സംരക്ഷിക്കണം. ഹൈസ്‌കൂൾ വിഭാഗം കലാ, കായിക അധ്യാപകരുടെ സംരക്ഷണത്തിന് പത്താം ക്ലാസിലെ പീരിയഡുകളുടെ എണ്ണവും കൂടി പരിഗണിക്കണം. യുപി വിഭാഗം കൂടിയുള്ള ഹൈസ്‌കൂളുകളിൽ, ഹൈസ്‌കൂൾ വിഭാഗം കലാ, കായിക അധ്യാപകനെ അതേ സ്‌കൂളിലെ യുപി വിഭാഗത്തെ കൂടി ഒരുമിപ്പിച്ചും സംരക്ഷിക്കണം. 1:300 ആയി അനുപാതം കുറയ്‌ക്കുന്നതിലൂടെ സ്‌കൂളുകളിൽ അധിക തസ്‌തികകൾ സൃഷ്‌ടിച്ച് പുതിയ നിയമനം നടത്താൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
കലാ, കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുൾപ്പെട്ടതിനാൽ എല്ലാ സ്‌കൂളുകളിലും ഇതിനായി അധ്യാപക തസ്‌തിക ലഭ്യമാക്കണമെന്നും കലാ, കായികാധ്യാപക തസ്‌തികകൾ സംരക്ഷിക്കണമെന്നും കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെഎസ്‌ടിഎ) ആവശ്യമുന്നയിച്ചിരുന്നു.









0 comments