സി സദാനന്ദന്റെ നേതൃത്വത്തിൽ ആർഎസ്‌എസ് നടത്തിയ കൊടുംക്രൂരതയുടെ നടുക്കുന്ന ഓർമയിലാണ് 32 വർഷത്തിനുശേഷവും പെരിഞ്ചേരിയിലെ പി എം ജനാർദനൻ
എന്റെ ജീവിതം തകർത്തത് ഓനാണ്

പി എം ജനാർദനൻ ഊന്നുവടിയിൽ (ഫയൽചിത്രം)
മട്ടന്നൂർ
‘‘പണിസ്ഥലത്തേക്കുള്ള ബസ് കയറാൻ മട്ടന്നൂർ ബസ് സ്‌റ്റാൻഡിലേക്ക് പോകുമ്പോഴാണ് ഏതാനുംപേർ ചാടിവീണത്. ഇരുമ്പുവടിയും കത്തിയും ഉപയോഗിച്ച് വെട്ടിയും കുത്തിയും വീഴ്‌ത്തി. മരിച്ചെന്ന് കരുതിയതാണ്’’. സി സദാനന്ദന്റെ നേതൃത്വത്തിൽ ആർഎസ്‌എസ് നടത്തിയ കൊടുംക്രൂരതയുടെ നടുക്കുന്ന ഓർമയിലാണ് 32 വർഷത്തിനുശേഷവും പെരിഞ്ചേരിയിലെ പി എം ജനാർദനൻ.
‘‘ഇപ്പോൾ രാഷ്‌ട്രപതി രാജ്യസഭാംഗമായി നാമനിർദേശം ചെയ്ത സദാനന്ദനാണ് എന്റെ ജീവിതം തകർത്തത്. ജോലിചെയ്‌ത് കുടുംബം പോറ്റാനാകാത്തവിധം ശരീരം വെട്ടിനുറുക്കി. മാസങ്ങൾ ഊന്നുവടിയിലായിരുന്നു ജീവിതം. ശരീരമാസകലം അസഹ്യ വേദനയാണ് ഇപ്പോഴും’’–-ജനാർദനന്റെ കൺമുന്നിൽ ഇപ്പോഴും 1993 സെപ്‌തംബർ 21ന് നടന്ന ആക്രമണത്തിന്റെ ഭീകര ദൃശ്യം.
സിപിഐ എം പെരിഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയും കല്ലുകൊത്ത് തൊഴിലാളിയുമായിരുന്നു ജനാർദനൻ. മാസങ്ങളോളം മണിപ്പാൽ ആശുപത്രിയിലായിരുന്നു. എല്ലുകൾ നുറുങ്ങിയതിനാൽ രണ്ട് കാലിനും പ്ലാസ്‌റ്ററിട്ടു.
‘‘ഞങ്ങൾ ബന്ധുക്കളാണ്. വല്യമ്മാവന്റെ മകന്റെ മകനാണ് സദാനന്ദൻ. അനുവാദമില്ലാതെ ബാലഗോകുലം ഘോഷയാത്രയ്‌ക്ക് മക്കളെ കൊണ്ടുപോയത് ചോദ്യംചെയ്‌തിരുന്നു. എന്നോട് ചോദിക്കാതെ ഘോഷയാത്രക്ക് കൊണ്ടുപോയ മക്കളെ വീട്ടിലെത്തിക്കാതെ സ്‌കൂൾ മുറ്റത്ത് ഇറക്കിവിട്ടു. രാത്രിയായിട്ടും കുട്ടികൾ തിരിച്ചെത്തിയില്ല. ഒടുവിൽ സ്‌കൂൾ പരിസരത്തുനിന്നാണ് കുട്ടികളെ കിട്ടിയത്. ‘നീയൊരു മാഷല്ലേടോ, നീ ചെയ്യേണ്ട പണിയാണോ ഇത്’ എന്ന് പരസ്യമായി ചോദിച്ചത് ഇഷ്‌ടപ്പെട്ടില്ല. അതിനാണ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്’’–- ജനാർദനൻ പറയുന്നു. ഒരു കാലിന് സ്വാധീനം നഷ്ടപ്പെട്ട, ആർഎസ്‌എസ് ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ജനാർദനൻ പഴശി സൗത്ത് ലോക്കലിലെ സിപിഐ എം പെരിഞ്ചേരി ബ്രാഞ്ചംഗമാണിപ്പോൾ.









0 comments