മാധ്യമങ്ങൾക്ക് മതിപ്പുള്ള ‘സാമൂഹ്യപ്രവർത്തനം’

കണ്ണൂർ
സാമൂഹ്യപ്രവർത്തകൻ എന്ന ലേബലിൽ എംപിസ്ഥാനം ലഭിച്ച സി സദാനന്ദന്റെ ‘സാമൂഹ്യ സംഭാവന’ എന്തെന്ന ചെറു സംശയംപോലുമില്ലാതെ മാധ്യമങ്ങൾ. കാൽ നഷ്ടപ്പെട്ടുവെന്നതിന് പരിഹാരമായി നൽകുന്നതാണോ എംപിസ്ഥാനം എന്ന ചോദ്യവും ഉയരുന്നു.
സദാനന്ദനെ വാഴ്‌ത്തുന്ന തിരക്കിൽ, ചെറുപ്പകാലം മുതലുള്ള സംഘപരിവാർ പ്രവർത്തനം അക്കമിട്ടു നിരത്തിയ മാധ്യമങ്ങൾ പക്ഷേ, അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണായക സംഭവം ബോധപൂർവം മറച്ചുപിടിച്ചു. രണ്ടു കാലും നഷ്ടപ്പെട്ടതിന്റെ സങ്കടം വഴിഞ്ഞൊഴുകിയ സചിത്രകഥയിൽ പക്ഷേ, സ്വന്തം ബന്ധുവിനെ കൊല്ലാക്കൊലചെയ്‌ത സംഭവം അറിഞ്ഞമട്ടേയില്ല. സിപിഐ എം പെരിഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയും കല്ലുകൊത്ത് തൊഴിലാളിയുമായ പി എം ജനാർദനനെ അരിഞ്ഞിട്ട സംഭവം മട്ടന്നൂരുകാർ ഇന്നും മറന്നിട്ടില്ല. ആ സംഭവത്തിന്റെ മുഖ്യ പ്രതിപ്പട്ടികയിലുള്ള ആർഎസ്‌എസ് കാര്യവാഹകിനെയാണ് ‘സാമൂഹ്യ പ്രവർത്തകൻ’ എന്ന ലേബലിൽ കേന്ദ്രസർക്കാർ എഴുന്നള്ളിച്ചത്. അതിൽ ആവേശംകൊണ്ട മാധ്യമങ്ങൾ ജനാർദനനെ ഒരിടത്തും ഓർത്തില്ല.
ഇതേ സമയത്താണ് എസ്‌എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി സുധീഷിനെ ആർഎസ്‌എസ്സുകാർ തുണ്ടംതുണ്ടമായി വെട്ടിയിട്ടത്. സി സദാനന്ദന് പരിക്കേറ്റ് അഞ്ചു മണിക്കൂറിനകം ആർഎസ്‌എസ്സുകാർ നടത്തിയ ‘സാമൂഹ്യ പ്രവർത്തന’മായിരുന്നു അത്. അതൊന്നും നിയുക്ത എംപിയുടെ വാഴ്‌ത്തുപാട്ടിനിടയിൽ മാധ്യമങ്ങൾ ഓർത്തില്ല.









0 comments