അധാർമികം : ചെന്നിത്തല

സി സദാനന്ദന്റെ രാജ്യസഭാംഗത്വം ; ആർഎസ്‌എസിന്റെ 
അക്രമ രാഷ്‌ട്രീയത്തിന്‌ അംഗീകാരം

C Sadanandan
avatar
പി ദിനേശൻ

Published on Jul 14, 2025, 12:41 AM | 1 min read


തലശേരി

കല്ലുകൊത്ത്‌ തൊഴിലാളിയായ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിനുറുക്കിക്കൊല്ലാൻ ശ്രമിച്ച സി സദാനന്ദന്‌ രാജ്യസഭാംഗത്വം നൽകുന്നതിലൂടെ കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നത്‌ ആർഎസ്‌എസ്‌ ക്രിമിനൽ രാഷ്‌ട്രീയത്തെ. മട്ടന്നൂർ പഴശിയിലെ സിപിഐ എം പെരിഞ്ചേരി ബ്രാഞ്ച്‌ സെക്രട്ടറി പി എം ജനാർദനനെ കൈകാൽ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ്‌ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദേശംചെയ്ത സി സദാനന്ദൻ. കണ്ണൂരിലെ ആർഎസ്‌എസ്‌ കൊലപാതക രാഷ്‌ട്രീയത്തിന്റെ പ്രധാന ആസൂത്രകനായിരുന്നു സദാനന്ദൻ.


ഇരിട്ടി പുന്നാട്ടെ ജോലിസ്ഥലത്തേക്ക്‌ പോകാൻ മട്ടന്നൂരിൽ ബസ്സിറങ്ങിയ ജനാർദനനെ 1993 സെപ്‌തംബർ 21ന്‌ രാവിലെ ഏഴിനാണ്‌ സദാനന്ദനും സംഘവും വളഞ്ഞിട്ട്‌ ആക്രമിച്ചത്‌. ഇരുമ്പുപാരയും കൊടുവാളും ഉപയോഗിച്ചായിരുന്നു ആക്രമണം. കമ്പിപ്പാരകൊണ്ട്‌ ശരീരമാസകലം അടിച്ചു. കൊടുവാൾകൊണ്ട്‌ തലക്കും കൈക്കും വെട്ടി. ഓടിയെത്തിയവരെ ബോംബും കത്തിയും കാട്ടി വിരട്ടി. ജനാർദനൻ മരിച്ചെന്ന്‌ കരുതി സദാനന്ദനും സംഘവും മടങ്ങി. അതിവേഗം വൈദ്യസഹായം നൽകിയതിനാൽ ജനാർദനന്റെ ജീവൻ രക്ഷപ്പെട്ടു.


ഇരുപത്തിയഞ്ചിലേറെ വെട്ടേറ്റ്‌ നുറുങ്ങിയ ശരീരവുമായി ജനാർദനൻ ഒരു വർഷം മണിപ്പാൽ ആശുപത്രിയിലും കണ്ണൂരിലും ചികിത്സയിലായിരുന്നു. വധശ്രമത്തെ അതിജീവിച്ചെങ്കിലും ഒരുകാലിന്റെ സ്വാധീനം നഷ്‌ടപ്പെട്ടു. സദാനന്ദന്റെ ബന്ധുകൂടിയാണ്‌ ജനാർദനൻ.


കുഴിക്കൽ എൽപി സ്‌കൂൾ താൽക്കാലിക അധ്യാപകനും ആർഎസ്‌എസ്‌ ജില്ല സഹകാര്യവാഹകുമായിരുന്നു അന്ന്‌ സദാനന്ദൻ. ബാലഗോകുലം പരിപാടിക്കും ശ്രീകൃഷ്‌ണജയന്തി ഘോഷയാത്രക്കും രക്ഷിതാക്കളുടെ അനുമതിയില്ലാതെ വിദ്യാർഥികളെ കൊണ്ടുപോകുന്നത്‌ പ്രതിഷേധത്തിനിടയാക്കിയിരുന്നു. തന്റെ അനുമതിയില്ലാതെ മകനെ ബാലഗോകുലം പരിപാടിക്ക്‌ കൊണ്ടുപോയത്‌ ചോദ്യംചെയ്‌തതിനാണ്‌ ജനാർദനനെ കൊല്ലാൻ ശ്രമിച്ചത്‌.


അതിനുശേഷം ആർഎസ്‌എസ്‌ ആയുധം താഴെവച്ചില്ല. അച്ഛനമ്മമാരുടെ മുന്നിലിട്ട്‌ എസ്‌എഫ്‌ഐ നേതാവ്‌ കെ വി സുധീഷിനെ 1994 ജനുവരി 26ന്‌ അർധരാത്രി ആർഎസ്‌എസുകാർ വെട്ടിക്കൊന്നു. കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു സുധീഷിന്റേത്‌.


അധാർമികം: ചെന്നിത്തല

സി സദാനന്ദനെ രാജ്യസഭയിലേക്ക്‌ നോമിനേറ്റ്‌ ചെയ്ത നടപടി അധാർമികമാണെന്ന്‌ രമേശ്‌ ചെന്നിത്തല. രാഷ്‌ട്രപതി സാധാരണഗതിയിൽ നോമിനേറ്റ്‌ ചെയ്യുന്നത്‌ ഏതെങ്കിലും മേഖലയിൽ പ്രാവീണ്യമുള്ളവരെയാണ്‌. കീഴ്‌വഴക്കവും അതാണ്‌. ചരിത്രത്തിൽ ആദ്യമായാണ്‌ ഒരുമേഖലയിലും പ്രാഗത്ഭ്യമില്ലാത്ത ബിജെപി പ്രവർത്തകനായ ഒരാളെ രാഷ്‌ട്രപതി നോമിനേറ്റ്‌ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home