അൻവർ യുഡിഎഫാകുമെന്ന് സുധാകരൻ
തോൽവി ഭയന്ന് അൻവറിന് വഴങ്ങാൻ യുഡിഎഫ്

സി പ്രജോഷ്‌കുമാർ
Published on May 28, 2025, 01:44 AM | 2 min read
മലപ്പുറം
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ പരസ്യമായി അധിക്ഷേപിച്ചിട്ടും പി വി അൻവറിനെ ഒപ്പംകൂട്ടാൻ യുഡിഎഫ്. പരാജയഭീതിയാണ് യുഡിഎഫിനെ ഈ ഗതികേടിൽ എത്തിച്ചത്. മുന്നണി പ്രവേശമെന്ന ഉപാധിയാണ് അൻവർ നേതൃത്വത്തിനുമുന്നിൽ വച്ചത്. മുന്നണിയുമായി സഹകരിപ്പിക്കാനാണ് സാധ്യത. അൻവർ അസറ്റാണെന്ന് പറഞ്ഞ് മുതിർന്ന നേതാവ് കെ സുധാകരൻ രംഗത്തെത്തിയതും ശ്രദ്ധേയമായി. ചൊവ്വ രാത്രിയോടെ മുസ്ലിം ലീഗ് നേതൃത്വവുമായി അൻവർ രണ്ടാമത് നടത്തിയ ചർച്ചയ്ക്ക് ശേഷം നിലപാട് മയപ്പെടുത്തിയതും അനുരഞ്ജനത്തിന്റെ സൂചനയായി.
ആര്യാടൻ ഷൗക്കത്ത് സ്ഥാനാർഥിയായതോടെ നിലവിട്ട നിലയിലായിരുന്നു അൻവറിന്റെ പ്രതികരണം. ഷൗക്കത്ത് മത്സരിച്ചാൽ ജയിക്കില്ലെന്ന് തുറന്നടിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന ഭീഷണിയും മുഴക്കി. ചൊവ്വാഴ്‌ചയും ഇത് ആവർത്തിച്ചു.
അൻവറിന്റെ കടന്നാക്രണത്തിൽ ഉലഞ്ഞ അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം. എൽഡിഎഫിനെ ആക്രമിക്കാൻ ഒപ്പംകൂട്ടിയ അൻവർ മുന്നണിക്ക് തലവേദനയാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അൻവറിന് കീഴടങ്ങേണ്ടതില്ലെന്ന് ചൊവ്വാഴ്‌ച ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ ചില നേതാക്കൾ നിലപാടെടുത്തു. എന്നാൽ, അൻവറിനെ പിണക്കേണ്ടതില്ലെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം.
ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയതിൽ പല ഭാഗത്തുനിന്നും കടുത്ത എതിർപ്പുണ്ട്. ഇത് മറികടക്കുക എളുപ്പമല്ല. കഴിഞ്ഞതവണ ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് മത്സരിച്ചപ്പോൾ ഷൗക്കത്ത് കാലുവാരിയെന്ന ആരോപണം ശക്തമായിരുന്നു. പ്രകാശിന്റെ കുടുംബം ഷൗക്കത്തിനെതിരെ പരസ്യമായി രംഗത്തുണ്ട്. അൻവറിനെക്കൂടി പിണക്കിയാൽ പരാജയം ഉറപ്പാണെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. മുസ്ലിംലീഗ് നേതൃത്വമാണ് യുഡിഎഫിൽ സമവായ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. രാവിലെ പി കെ കുഞ്ഞാലിക്കുട്ടിയെ അൻവർ വീട്ടിലെത്തി സന്ദർശിച്ചു.
തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കുക, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഉറച്ച സീറ്റ് നൽകുക എന്നീ ഉപാധികളാണ് അൻവർ മുന്നോട്ടുവച്ചത്. അതിനിടെ, കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറും അൻവറിനെ വീട്ടിലെത്തി സന്ദർശിച്ചു. കെ സുധാകരൻ ആവശ്യപ്പെട്ടതനുസരിച്ചുള്ള നീക്കമെന്നാണ് സൂചന.
അൻവർ യുഡിഎഫാകുമെന്ന് സുധാകരൻ
പി വി അൻവർ യുഡിഎഫിന്റെ ഭാഗമാകുമെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ സുധാകരൻ. അൻവറിന്റെ താൽപര്യം പരമാവധി സംരക്ഷിക്കും. മുന്നണിയുടെ ഭാഗമാക്കാൻ കോൺഗ്രസ് തീരുമാനിച്ചാൽ ആരാണ് എതിർക്കുകയെന്നും സുധാകരൻ ചോദിച്ചു.
സ്ഥാനാർഥിനിർണയത്തിൽ അൻവറിന്റെ അഭിപ്രായം അംഗീകരിക്കാത്തതുകൊണ്ട് കോൺഗ്രസുമായുള്ള ബന്ധത്തിൽ മാറ്റമുണ്ടാകില്ല. വർഷങ്ങളായി വ്യക്തിബന്ധമുള്ളതുകൊണ്ടുതന്നെ അൻവറിന്റെ കൂടെനിൽക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ റഞ്ഞു.









0 comments