മേയിൽ 1.35 ലക്ഷംപേർ ബിഎസ്‌എൻഎൽ ഉപേക്ഷിച്ചു; നേട്ടമുണ്ടാക്കി ജിയോയും എയർടെല്ലും

ബിജു കാർത്തിക്
Published on Jul 09, 2025, 08:41 AM | 1 min read
കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്ലിന് മെയ് മാസത്തിൽ മാത്രം നഷ്ടമായത് 1,35,654 വരിക്കാരെ. നേട്ടമുണ്ടാക്കുന്നത് സ്വകാര്യ കമ്പനികളായ റിലയൻസ് ജിയോയും എയർടെല്ലും. ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം മേയിൽ റിലയൻസ് ജിയോ 27,00,066 വരിക്കാരെയും എയർടെൽ 2,75,621 വരിക്കാരെയും അധികമായി നേടി. ബിഎസ്‌എൻഎല്ലിനൊപ്പം വരിക്കാരെ നഷ്ടമായത് വോഡഫോൺ ഐഡിയയ്‌ക്കാണ്–- 2,74,103 പേരെ.
കേരളത്തിൽ ബിഎസ്‌എൻഎല്ലിന് 87,68,554 മൊബൈൽ വരിക്കാരും 12,08,389 വയർലൈൻ വരിക്കാരുമുണ്ട്. 17,758 ഉപയോക്താക്കൾ ബിഎസ്‌എൻഎൽ കണക്ഷൻ ഉപേക്ഷിച്ചു. 46,054 വരിക്കാരെ വയർലൈനിലും നഷ്ടമായി. നിലവിലെ വയർലെസ് കണക്ഷനിൽ ബിഎസ്‌എൻഎല്ലിനുള്ളത് 7.82 ശതമാനമാണ്. റിലയൻസ് ജിയോയ്‌ക്ക് 40.92 ശതമാനവും എയർടെല്ലിന് 33.61 ശതമാനവും വോഡഫോണിന് 17.61 ശതമാനവുമാണ്. വയർലൈനിൽ ജിയോയ്‌ക്ക് 37.44 ശതമാനം കണക്‌ഷനുള്ളപ്പോൾ 26.65 ശതമാനവുമായി എയർടെല്ലാണ് രണ്ടാമത്. ബിഎസ്‌എൻഎല്ലിന് 19.59 ശതമാന മാത്രം. ബ്രോഡ്‌ബാൻഡ് രംഗത്താകട്ടെ 50.72ശതമാനം കണക്‌ഷനുമായി ജിയോ മുന്നിലാണ്. ബിഎസ്‌എൻഎല്ലിനുള്ളത് വെറും 3.52ശതമാനം മാത്രം. എയർടെല്ലിന് 30.99 ശതമാനവും വോഡഫോണിന് 12.99 ശതമാനവുമാണ് വരിക്കാർ.
സ്ഥിരം ജീവനക്കാരുടെ കുറവും കേന്ദ്രസർക്കാരിന്റെ നയങ്ങളും ബിഎസ്എൻഎൽ 4ജി നേരിടുന്ന പ്രതിസന്ധിയുമാണ് ബിഎസ്‌എൻഎല്ലിനെ തകർത്തത്. സൗജന്യ നിരക്കുകൾ നൽകിയിരുന്ന ജിയോയും മറ്റും ബിഎസ്‌എൻഎല്ലിന്റെ പിന്മാറ്റത്തോടെ ഉപഭോക്താക്കളെ പിഴിയാൻ തുടങ്ങി. രണ്ടായിരത്തിൽ രാജ്യത്ത് 3.7 ലക്ഷം സ്ഥിരം ജീവനക്കാരും ഒരു ലക്ഷത്തിൽപരം കരാർതൊഴിലാളികളുമുണ്ടായിരുന്നു. ഇപ്പോഴത് 55,000 പേരാണ്. 30 ശതമാനംപേരെ നിർബന്ധിത വിരമിക്കലിലൂടെ ഒഴിവാക്കി. ഇത് സ്ഥാപനത്തിന്റെ തകർച്ച പൂർണമാക്കുമെന്നും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യ ഓർഗനൈസിങ് സെക്രട്ടറി പി മനോഹരൻ പറഞ്ഞു.
ജിയോ, ബിഎസ്എൻഎൽ, എയർടെൽ, കൂടുതൽ കണക്ഷൻ, ഇന്റനെറ്റ് നേട്ടം,









0 comments