സ്വകാര്യമേഖലയ്‌ക്ക്‌ ലാഭംകൊയ്യാൻ കളമൊരുക്കി കേന്ദ്രം: 4ജിയിൽ കറങ്ങി ബിഎസ്‌എൻഎൽ

bsnl
avatar
വി കെ രഘുപ്രസാദ്‌

Published on Jul 21, 2025, 12:01 AM | 1 min read

പാലക്കാട്‌ : കാര്യക്ഷമമല്ലാത്ത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 4ജി സേവനം ബിഎസ്‌എൻഎല്ലിന്റെ നട്ടെല്ലൊടിക്കുന്നു. സ്വകാര്യ ടെലികോം കമ്പനികൾ മികച്ച സാങ്കേതിക വിദ്യയിൽ 5ജി ഉൾപ്പെടെ നൽകുമ്പോൾ ബിഎസ്‌എൻഎല്ലിനെ ബോധപൂര്‍വം തകർക്കാന്‍ ഇടയാക്കുന്നതാണ് കേന്ദ്രനയം. സാങ്കേതിക മികവ്‌ തെളിയിക്കാത്ത ടാറ്റാ ടെലി സർവീസ് (ടിസിഎസ്‌) ഉൾപ്പെടെയുള്ള കൺസോർഷ്യത്തിനാണ്‌ 4ജി സേവനത്തിന്റെ ചുമതല നൽകിയത്‌. ഇതുവഴി സ്വകാര്യമേഖലയ്‌ക്ക്‌ ലാഭംകൊയ്യാനും കേന്ദ്രം കളമൊരുക്കി. 2022ൽ പഞ്ചാബിലാണ്‌ പരീക്ഷണാടിസ്ഥാനത്തിൽ 4ജി വികസനം തുടങ്ങിയത്‌. 2023ൽ രാജ്യത്തെ ഒരു ലക്ഷം ടവറുകളിൽ 4ജി സേവനം ലഭ്യമാക്കാൻ തീരുമാനിച്ചു. ഇതിൽ 90ശതമാനം പൂർത്തിയായതായാണ്‌ കേന്ദ്രത്തിന്റെ അവകാശവാദം. കേരളത്തിൽ എണ്ണായിരത്തിലധികം ടവറുകളിൽ ഇതിനടം 4ജി സേവനമുണ്ട്‌. എന്നിട്ടും ബിഎസ്‌എൻഎൽ കണക്ഷനുകൾ താളംതെറ്റിയ നിലയിലാണ്‌. കോളുകള്‍ മിക്കയിടത്തും ലഭിക്കുന്നില്ലെന്നും ഇടയ്ക്ക് മുറിഞ്ഞു പോകുന്നതായും പരാതികൾ ഏറെ.

സ്വകാര്യ ടെലികോം കമ്പനികൾ ഉപകരണങ്ങൾ വാങ്ങുന്നത് വിദേശ കമ്പനികളായ നോക്കിയ, എറിക്‌സൺ, സാംസങ് എന്നിവയിൽനിന്നാണ്. എന്നാൽ, വിദേശ കമ്പനികളിൽനിന്നും ഉപകരണങ്ങൾ വാങ്ങാൻ ബിഎസ്എൻഎല്ലിനെ കേന്ദ്രസർക്കാർ അനുവദിച്ചില്ല. ഇതു മൂലം സ്വകാര്യ കമ്പനികളുമായി മത്സരിക്കാൻ ബിഎസ്എൻഎല്ലിന് കഴിയുന്നില്ല. 2014ൽ സ്വകാര്യ കമ്പനികൾ 4ജി സേവനം ആരംഭിച്ചെങ്കിലും കേന്ദ്രസർക്കാർ ബിഎസ്എൻഎല്ലിന് 4ജി അനുവദിച്ചില്ല. 2019 ഒക്ടോബറിലാണ് 4ജി സേവനത്തിന് ആവശ്യമായ സ്‌പെക്ട്രം അനുവദിച്ചത്.

കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനം വഴി ബിഎസ്‌എൻഎൽ കണക്ഷൻ ഉപേക്ഷിക്കുന്നവരുടെ എണ്ണവും ദിനംപ്രതി കൂടുന്നു. 4ജി സേവന നടപടി തുടങ്ങിയ 2022 മെയ്‌ മുതൽ 2025 ജൂൺവരെ സംസ്ഥാനത്ത്‌ 16,31,446 പേരാണ്‌ കണക്ഷൻ ഉപേക്ഷിച്ചത്‌. ഒരുകോടി നാലുലക്ഷം കണക്ഷൻ ഉണ്ടായിരുന്നത് 87, 68,554 ആയി കുറഞ്ഞു. മൊബൈൽ നെറ്റ്‌ വർക്കുകളിൽ രണ്ടാമതായിരുന്ന ബിഎസ്‌എൻഎൽ അവസാന സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടു. ആറുമാസത്തിനകം രാജ്യത്ത്‌ 12,76, 326 വരിക്കാരെ നഷ്ടമായി.



deshabhimani section

Related News

View More
0 comments
Sort by

Home