സാങ്കേതിക തകരാർ പരിഹരിച്ചില്ല ; യുദ്ധവിമാനത്തിന്റെ മടക്കം വൈകും , പടക്കപ്പൽ മടങ്ങാത്തത് ദുരൂഹം

British Fighter Jet
വെബ് ഡെസ്ക്

Published on Jun 20, 2025, 12:34 AM | 1 min read


തിരുവനന്തപുരം

ലോകത്തിലെ ഏറ്റവും വിലയേറിയ ആധുനിക യുദ്ധവിമാനങ്ങളിൽ ഒന്നെന്ന് അമേരിക്ക കൊട്ടിഘോഷിച്ച എഫ് -35 ബിയുടെ സാങ്കേതിക തകരാർ പരി​ഹരിക്കാനാകാതെ ബ്രിട്ടീഷ് റോയൽ നേവി. ​ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ഗുരുതര സാങ്കേതിക തകരാറിനെത്തുടർന്ന് അഞ്ച് ദിവസമായി യുദ്ധവിമാനം തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെ നാലാം നമ്പർ ബേയിൽ വിശ്രമത്തിലാണ്.


വാടകയായി ‌വലിയ തുക വിമാനത്താവളം ഇടാക്കുന്നുണ്ട്. വിമാനത്തിന്റെ മടക്കം ഇനിയും വൈകുമെന്നാണ് വിവരം. അമേരിക്കൻ നിർമിത വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കാൻ ബ്രിട്ടനിൽനിന്ന്‌ റോയൽ നേവി ഉദ്യോ​ഗസ്ഥരും അമേരിക്കയിൽനിന്നുള്ള വിദഗ്ധ സംഘവും എത്തിയേക്കും. റോയൽ നേവിയുടെ കീഴിലുള്ള എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനി കപ്പലിൽനിന്ന് പറന്നുയർന്ന വിമാനമാണിത്. വിമാനം കേരള തീരത്തുനിന്ന്‌ 100 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ ചാലിൽ നങ്കൂരമിട്ടിരിക്കുകയാണ്. ഇസ്രയേൽ–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിരീക്ഷണങ്ങൾക്കായി കപ്പൽ അറബിക്കടലിൽ തങ്ങുന്നതാണോയെന്നും സംശയിക്കുന്നു.


അറബിക്കടലിനുമുകളിലൂടെ പറക്കുന്നതിനിടെ ശനി രാത്രി 10.30നാണ്‌ ബ്രീട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ്-35 ബി അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായതോടെ അടിയന്തര ലാൻഡിങ് നടത്തിയെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ സാങ്കേതിക തകരാറുണ്ടെന്ന് പിന്നീട് അറിയിക്കുകയായിരുന്നു.


ആധുനിക യുദ്ധവിമാനങ്ങൾക്ക് ഇത്തരം തകരാർ അപൂർവമാണ്. യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ നിർമിച്ചതാണ് എഫ്-35 ബി ലൈറ്റ്നിങ് 2 . ഇസ്രയേൽ സാങ്കേതികവിദ്യകൂടി ഉൾപ്പെടുത്തി പരിഷ്കരിച്ച അഞ്ചാം തലമുറയിൽപ്പെട്ട വിമാനമാണിത്.


ശത്രുസേനയുടെ റഡാർ കണ്ണുകൾ വെട്ടിച്ചുപറക്കാൻ കെൽപുള്ള അത്യാധുനിക സ്റ്റെൽത് സാങ്കേതികവിദ്യയുള്ള വിമാനമായാണ് എഫ് 35 അറിയപ്പെടുന്നത്. റഡാറുകൾക്കു കണ്ടെത്തുക അസാധ്യമെന്നാണ് അവകാശവാദം. എന്നാൽ, ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് കൺട്രോൾ സിസ്റ്റത്തിന്‌ വിമാനത്തെ ആകാശത്തുവച്ചുതന്നെ തിരിച്ചറിയാനായി. സിഐഎസ്എഫ് ഉദ്യോ​ഗസ്ഥനും ബ്രിട്ടീഷ് പൈലറ്റും രണ്ട് മെക്കാനിക്കൽ വിദഗ്ധനും വിമാനത്തിനരികിൽ മുഴുവൻസമയവുമുണ്ട്.


അറബിക്കടലിൽ ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് സൈനികാഭ്യാസം നടത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home