യുദ്ധവിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിച്ചില്ല ; രണ്ടാഴ്ചകൂടി വേണമെന്ന് ബ്രിട്ടീഷ് നേവി

തിരുവനന്തപുരം
തിരുവനന്തപുരം വിമാനത്താവളത്തിലിറക്കിയ എഫ് 35ബിയുടെ സാങ്കേതിക തകരാർ പരിഹരിക്കാൻ രണ്ടാഴ്ചകൂടി വേണമെന്ന് ബ്രിട്ടീഷ് നേവി ഉദ്യോഗസ്ഥർ അറിയിച്ചതായി വിവരം.
തകരാർ പരിഹരിക്കാൻ യുഎസ് വിമാന നിർമാതാക്കളായ ലോക്ക്ഹീഡ്മാർട്ടിന്റെ എൻജിനിയർമാർ അമേരിക്കയിൽ നിന്നെത്തുമെന്നാണ് വിവരം. ആറു ദിവസമായി യുദ്ധവിമാനം തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെ നാലാം നമ്പർ ബേയിലാണ്.
വിമാനത്താവളത്തിനോടു ചേർന്നുള്ള എയർ ഇന്ത്യയുടെ ഹാങ്ങർ യൂണിറ്റിൽ വിമാനത്തിന്റെ അറ്റകുറ്റപ്പണിക്ക് സൗകര്യമൊരുക്കാമെന്ന് എയർ ഇന്ത്യ അറിയിച്ചെങ്കിലും ബ്രിട്ടീഷ് നേവി ഇത് നിരസിച്ചതായാണ് വിവരം. അമേരിക്കൻ നിർമിത യുദ്ധവിമാനത്തിന്റെ സാങ്കേതികവിദ്യ ഇതുവരെ മറ്റൊരു രാജ്യത്തിനും കൈമാറിയിട്ടില്ല. സാങ്കേതിക വിദ്യകൾ ചോരുമെന്ന് ഭയന്നാണ് ഹാങ്ങറിലേക്ക് മാറ്റാൻ തയ്യാറാകാത്തതെന്നാണ് അറിയുന്നത്.
ലോകത്തിലെ ഏറ്റവും വിലയേറിയതും ആധുനികവുമായ യുദ്ധവിമാനങ്ങളിലൊന്നാണെന്ന് അമേരിക്ക കൊട്ടിഘോഷിച്ച എഫ് -35ബിയുടെ സാങ്കേതിക തകരാർ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്തയാണ്. വിമാനവാഹിനി കപ്പലിൽനിന്ന് കുത്തനെ പറന്നുയരാർ കഴിയുന്ന സംവിധാനമാണ് തകരാറിലായതെന്നാണ് വിവരം. അറബിക്കടലിനു മുകളിലൂടെ പറക്കുന്നതിനിടെ ശനി രാത്രി 10.30 ഓടെയാണ് ബ്രീട്ടീഷ് നേവിയുടെ യുദ്ധവിമാനമായ എഫ്-35ബി അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്.









0 comments