ആശ്വാസവും ആവേശവും പകർന്ന് ബൃന്ദ

നെടുമ്പാശേരി
മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്‌ഗഡ് സർക്കാർ അറസ്റ്റ് ചെയ്‌ത കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് കേരളത്തിലെ ബിജെപിയുടെ ഇടപെടലിലൂടെയാണെന്ന വാദം അസംബന്ധമെന്ന് മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്. ഛത്തീസ്ഗഡിൽ ബിജെപി സർക്കാരിന്റെ ഇരട്ടത്താപ്പാണ് പ്രകടമായത്. കേസിന്റെ പേരിൽ കന്യാസ്ത്രീകൾ കോടതി കയറിയിറങ്ങേണ്ടി വരുന്നത് മാനസികമായ വേട്ടയാടലാണ്. കന്യാസ്ത്രീകൾക്കെതിരെ എടുത്ത കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജെപി സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സിസ്റ്റർ പ്രീതി മേരിയുടെ മാതാപിതാക്കളെ അങ്കമാലി പാറക്കടവ് എളവൂരിലെ വീട്ടിൽ സന്ദർശിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.
സിസ്റ്റർ പ്രീതി മേരിയുടെ അച്ഛൻ മാളിയേക്കൽ വർക്കി, അമ്മ മേരി, കുടുംബാംഗങ്ങൾ എന്നിവരുമായി ബൃന്ദ സംസാരിച്ചു.
ജയിലിൽ പോകേണ്ടിവന്നിട്ടും കന്യാസ്‌ത്രീകൾ ഇരുവരും പ്രകടിപ്പിച്ച ധൈര്യവും അന്തസ്സും അഭിമാനകരമാണ്. ആദിവാസികളുടെ ജീവിതപ്രശ്നങ്ങളാണ് കന്യാസ്ത്രീകൾ സംസാരിച്ചത്. അവർക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും ബൃന്ദ പറഞ്ഞു. കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നതായി സിസ്റ്റർ പ്രീതി മേരിയുടെ അമ്മ പ്രതികരിച്ചു.
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ടി വി അനിത, സിപിഐ എം പാറക്കടവ് ലോക്കൽ സെക്രട്ടറി ജിബിൻ വർഗീസ്, മഹിളാ അസോസിയേഷൻ വില്ലേജ് പ്രസിഡന്റ് ആശ ദിനേശൻ, വനിതാ സഹകരണ സംഘം പ്രസിഡന്റ് റീന രാജൻ, പഞ്ചായത്ത് അംഗങ്ങളായ മിനി ജയസൂര്യ, പി ആർ രാജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.









0 comments