ക്രൈസ്‌തവവേട്ട ; യുഡിഎഫിന്റെ കാപട്യം തിരിച്ചറിയണം: ബൃന്ദ കാരാട്ട്‌

brinda karat
വെബ് ഡെസ്ക്

Published on Aug 13, 2025, 02:47 AM | 1 min read


കൊച്ചി

കോൺഗ്രസ്‌ ഭരണകാലത്ത്‌ ഛത്തീസ്‌ഗഡിൽ ക്രൈസ്‌തവർക്കുനേരെയുണ്ടായ ആക്രമണങ്ങളിൽ കേരളത്തിലെ യുഡിഎഫ്‌ മ‍ൗനം പാലിച്ചത്‌ എന്തുകൊണ്ടെന്ന്‌ ബൃന്ദ കാരാട്ട്‌. ബിജെപി ഭരണത്തിൽ കന്യാസ്‌ത്രീകളെ അറസ്‌റ്റ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച യുഡിഎഫ്‌ പ്രതിനിധിസംഘത്തിന്റെ കാപട്യം തിരിച്ചറിയണമെന്നും ബൃന്ദ കാരാട്ട്‌ പറഞ്ഞു. എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി എറണാകുളം ട‍ൗൺഹാളിൽ സംഘടിപ്പിച്ച പ്രതിഷേധസദസ്സ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ.


കോൺഗ്രസ്‌ ഭരണമുണ്ടായിരുന്ന 2022– 23ൽ ചത്തീസ്‌ഗഡിലെ 14 ആദിവാസി സീറ്റുകളിലും ക്രൈസ്‌തവരായ കോൺഗ്രസിന്റെ എംഎൽഎമാരായിരുന്നു. അവർക്കുൾപ്പെടെ ന്യൂനപക്ഷങ്ങൾക്കുനേരെ ബിജെപി–ബജറംഗദൾ– ജൻജാഗ്രതാസമിതി വലിയ ആക്രമണമഴിച്ചുവിട്ടു. അന്നൊന്നും കേരളത്തിലെ കോൺഗ്രസും യുഡിഎഫും അവിടേക്ക്‌ തിരിഞ്ഞുനോക്കിയില്ല. അക്രമികൾ ക്രൈസ്‌തവരുടെ കുഴിമാടങ്ങൾ മാന്തി. കന്യാമറിയത്തിന്റെ സ്വരൂപം തകർത്തു.


ഛത്തീസ്‌ഗഡ്‌ ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘപരിവാർ ആക്രമണം തുടരുകയാണ്‌. എന്നിട്ടും ബിജെപി– ആർഎസ്‌എസ്‌ നേതൃത്വത്തെ വേദനിപ്പിക്കാത്ത പ്രസ്‌താവനയാണ്‌ സമുദായ നേതാക്കൾ ഇറക്കുന്നത്‌. ഇത്‌ വലിയ വിനാശത്തിന്‌ വഴിവയ്‌ക്കും. സമുദായനേതാക്കൾ ആലോചിച്ച്‌ അഭിപ്രായപ്രകടനം നടത്തണം. വർഗീയശക്തികളെ വെള്ളപൂശാൻ ശ്രമിക്കുന്നത്‌ മതന്യൂനപക്ഷങ്ങളെ എങ്ങനെ ബാധിക്കുമെന്ന്‌ മനസ്സിലാക്കണം. അത്‌ വർഗീയശക്തികൾക്ക്‌ സംരക്ഷണകവചം ഒരുക്കലാകും. അത്തരം പ്രസ്‌താവനകൾ പിൻവലിക്കണമെന്നാണ്‌ അവരോട്‌ അഭ്യർഥിക്കാനുള്ളതെന്നും ബൃന്ദ പറഞ്ഞു.


‘ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുക, ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച പ്രതിഷേധസദസ്സിൽ സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌, സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ, എൽഡിഎഫ്‌ ജില്ലാ കൺവീനർ ജോർജ്‌ ഇടപ്പരത്തി എന്നിവർ സംസാരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ, കമല സദാനന്ദൻ, സാബു ജോർജ്‌, കുര്യൻ എബ്രഹാം, കെ എം ജോർജ്‌, കുമ്പളം രവി തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home