അധ്യാപകരിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ റിട്ട. ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ

കോട്ടയം
അധ്യാപകരിൽനിന്ന് ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റിട്ട. ഹെഡ്മാസ്റ്റർ വിജിലൻസ് പിടിയിൽ. കോഴിക്കോട് വടകര തോടന്നൂർ സ്വദേശിയും കെഎൽഎൽപി സ്‌കൂളിലെ മുൻ ഹെഡ് മാസ്റ്ററുമായ വിജയനാണ് പിടിയിലായത്. പാലായിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നൽകാനാണെന്ന് പറഞ്ഞാണ് തുക ആവശ്യപ്പെട്ടത്.
ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച ഫയൽ നടപടിക്രമങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഏപ്രിലിൽ സെക്രട്ടറിയറ്റിൽ നിന്നാണെന്ന് പറഞ്ഞ് ഇടനിലക്കാരനായ വിജയൻ ഒരു അധ്യാപകനെ ഫോണിൽ വിളിച്ചിരുന്നു. ഫയലിൽ പ്രശ്നങ്ങളുണ്ടെന്നും കാലതാമസമുണ്ടാകുമെന്നും മറ്റ് രണ്ട് അധ്യാപകരെയും കൂട്ടി സെക്രട്ടറിയറ്റിൽ എത്തണമെന്നും പറഞ്ഞു.
സെക്രട്ടറിയറ്റിൽ പോകാൻ ബുദ്ധിമുട്ടുണ്ടായിരുന്ന അധ്യാപകർ പാലാ സ്വദേശിയും അധ്യാപക സംഘടന നേതാവുമായ പരാതിക്കാരനെ ഫയലുകൾ ശരിയാക്കാൻ ചുമതലപ്പെടുത്തി. നേരിൽ കാണാനെത്തിയ ഇദ്ദേഹത്തോട് ഫയൽ കാലതാമസമില്ലാതെ ശരിയാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നൽകാൻ കൈക്കൂലി നൽകണമെന്ന് വിജയൻ ആവശ്യപ്പെട്ടു. പിന്നീട് വിവരം തിരക്കാൻ തിരുവനന്തപുരത്തെത്തിയ ഇദ്ദേഹത്തിന് സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥനെന്ന് പറഞ്ഞയാൾ പുനർനിയമനം ക്രമപ്പെടുത്തിയ ഉത്തരവിന്റെ പകർപ്പ് നൽകുകയും നിയമന ഉത്തരവ് ഉടൻ ശരിയാക്കിയതിനുള്ള കൈക്കൂലി വിജയനെ ഏൽപ്പിക്കണമെന്നും പറഞ്ഞു.
തുടർന്ന് പലപ്രാവശ്യം വിജയൻ പരാതിക്കാരനെ ഫോണിൽ വിളിച്ച് ജൂൺ ഏഴിന് എറണാകുളം എജി ഓഫിസിന് സമീപംവെച്ച് പണം കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് പരാതിക്കാരനും അധ്യാപകരും വിവരം കോട്ടയം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചത്. തുടർന്ന് ശനിയാഴ്ച ഹൈകോർട്ട് ജങ്ഷനിലെ വാട്ടർ മെട്രോ സ്റ്റേഷന് സമീപത്ത് പരാതിക്കാരനിൽനിന്ന് കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം പിടികൂടുകയുമായിരുന്നു. വിജയന്റെ വടകരയിലെ വീട്ടിലും പരിശോധന നടത്തി.









0 comments