കൈക്കൂലിപ്പണവുമായി ആർടി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

കണ്ണൂർ
കൈക്കൂലിയായി വാങ്ങിയ പണവുമായി കണ്ണൂർ ആർടി ഓഫീസ് സീനിയർ സൂപ്രണ്ട് മഹേഷ് വിജിലൻസ് പിടിയിൽ. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇയാളിൽനിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ആർടി ഓഫീസിലും പരിശോധന നടത്തി.
വാഹന രജിസ്ട്രേഷൻ, റീ രജിസ്ട്രേഷൻ, ഹൈപ്പോത്തിക്കേഷൻ ക്യാൻസലേഷൻ, പെർമിറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കായി വരുന്ന അപേക്ഷകരിൽനിന്ന് ഏജന്റുവഴി മഹേഷ് കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. മഹേഷ് ഡ്യൂട്ടി കഴിഞ്ഞ് ആർടി ഓഫീസിൽനിന്ന് പോകുമ്പോൾ ഇടനിലക്കാരൻ കൈക്കൂലിപ്പണം കൈമാറുന്നതായാണ് വിവരം ലഭിച്ചത്. ദിവസങ്ങളായി ഇൗ ഉദ്യോഗസ്ഥനെ വിജിലൻസ് നിരീക്ഷിച്ചുവരികയായിരുന്നു. കോഴിക്കോട് സ്‌പെഷ്യൽ സെല്ലിൽനിന്നുള്ള വിജിലൻസ് സംഘം വ്യാഴാഴ്ച രാത്രിയാണ് മിന്നൽപ്പരിശോധന നടത്തിയത്. ജോലി കഴിഞ്ഞ് കൈക്കൂലിപ്പണം കൈപ്പറ്റിയശേഷം രാത്രി എട്ടോടെ കാറിൽ തലശേരിയിലുള്ള വീട്ടിലേക്ക് പോകുംവഴി കണ്ണൂർ തയ്യിൽവച്ചാണ് വിജിലൻസിന്റെ പടിയിലായത്. കാർ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കാറിൽനിന്ന് കണക്കിൽപ്പെടാത്ത 32,200 രൂപ പിടിച്ചെടുത്തു. തുടർന്നാണ് ആർടി ഓഫീസിലും പരിശോധന നടത്തിയത്. രാത്രി 8.30ന് ആരംഭിച്ച പരിശോധന പത്തിനാണ് അവസാനിച്ചത്.
ഏജന്റുമാർ കൈമാറിയ ലിസ്‌റ്റും മഹേഷിൽനിന്ന് വിജിലൻസ് പിടികൂടി. ഓരോരുത്തരിൽനിന്നും വാങ്ങിയ പണത്തിന്റെ വിവരങ്ങളാണ് ലിസ്‌റ്റിലുള്ളത്. ഓഫീസിൽ പണം കൈമാറേണ്ടവരുടെ പേരു മുണ്ട്. ഓഫീസിലെ മറ്റുള്ളവർക്ക് നൽകാനുള്ള കൈക്കൂലിയും സീനിയർ സൂപ്രണ്ട് വാങ്ങി വീതിച്ചു നൽകുകയായിരുന്നുവെന്നും വ്യക്തമായി. ഓഫീസിൽ നടത്തിയ പരിശോധനയിലും പണം കൈപ്പറ്റുന്നതിന്റെ രേഖകൾ ലഭിച്ചതായാണ് സൂചന. ഏജന്റുമാരുടെ പേര് അടയാളപ്പെടുത്തിയ അപേക്ഷകളും കണ്ടെടുത്തിട്ടുണ്ട്. കൈക്കൂലി നൽകിയവരുടെ ലിസ്‌റ്റിൽ പേരുള്ള അപേക്ഷകരുടെ ഫയൽ ഏത് ഉദ്യോഗസ്ഥനാണ് കൈകാര്യംചെയ്‌തതെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അതിനുശേഷം തുടർനടപടി സ്വീകരിക്കും.









0 comments