ലഹരിക്കെതിരെ ബ്രേക്കിങ് ഡി; ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: രാസലഹരി വിപത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ ആവിഷ്കരിച്ച ബ്രേക്കിങ് ഡി പദ്ധതിയുടെ ലോഗോ മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു. രാസലഹരികളുടെ ചങ്ങലക്കണ്ണികളെ കുറിച്ച വിവരങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ സാധ്യമാകുന്നതാണ് പദ്ധതി.
ക്യു.ആർ കോഡ് വഴി ആർക്കുവേണമെങ്കിലും പേര് വിവരങ്ങൾ വെളിപ്പെടുത്താതെ ബ്രേക്കിങ് ഡി ആപ്പിലേക്ക് വിവരങ്ങൾ നൽകാൻ സാധിക്കും. സ്റ്റാർട്ടപ് സംരംഭമായ സൂപ്പർ എഐയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലെയും പ്രസ്ക്ലബ് ആസ്ഥാനങ്ങളിലും കെയുഡബ്ല്യുജെയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ക്യുആർ കോഡ് സ്‌കാനർ പ്രചാരണം നടക്കും.
രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ ക്യുആർ കോഡ് പോസ്റ്റർ പതിപ്പിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ഒരു വർഷം നീളുന്ന ക്യാമ്പയിൻറെ ഭാഗമായി വിവിധ ജില്ലകളിൽ പത്രപ്രവർത്തക യൂണിയൻ നേതൃത്വത്തിൽ സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പുകളും നടത്തും. കണ്ണൂരിൽ വോളിലീഗും കാസർകോട് വടംവലി ചാമ്പ്യൻഷിപ്പും വയനാട്ടിൽ ക്രിക്കറ്റ് ലീഗും കോഴിക്കോട് ഫുട്‌ബാൾ ലീഗും ക്യാമ്പയിനിന്റെ ഭാഗമായി നടക്കും.
പദ്ധതിയുടെ മെഗാ ലോഞ്ച് ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ലോഗോ പ്രകാശന ചടങ്ങിൽ കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സംസ്ഥാന സമിതി അംഗം വിപുൽനാഥ്, ഓഫിസ് സെക്രട്ടറി വി എം രാജു, സൂപ്പർ എഐ സിഇഒ അരുൺ പെരൂളി, തുടങ്ങിയവർ പങ്കെടുത്തു.









0 comments