കോഴിക്കോട് നിന്നും ഒന്നര വർഷം മുമ്പ് കാണാതായ വ്യക്തിയുടെ മൃതദേഹം തമിഴ്നാട്ടിലെ വനത്തിൽ കണ്ടെത്തി

ചേരമ്പാടി: കോഴിക്കോട് നിന്നും ഒന്നര വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തിൽ കണ്ടെത്തി. വയനാട് സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. തമിഴ്നാടിനോട് ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് പേർ കസ്റ്റഡിയിലുള്ളതായാണ് വിവരം. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് നിഗമനം. കോഴിക്കോട് പൊലീസിന്റെ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മായനാട് ആണ് ഹേമചന്ദ്രൻ താമസിച്ചിരുന്നത്. ഒന്നര വർഷം മുമ്പ് കോഴിക്കോട് വീട്ടിൽ നിന്നും രണ്ട് പേർ ഹേമചന്ദ്രനെ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു. ഹേമചന്ദ്രന്റെ ഭാര്യ കോഴിക്കോട് മെഡിക്കൽകോളേജ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്നാണ് വനത്തിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ പൂർത്തിയാവുകയാണ്. കോഴിക്കോട് അസിസ്റ്റന്റ് കമീഷണർ, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്. മൃതദേഹം മറവ് ചെയ്യാൻ സഹായിച്ച രണ്ട് പേരാണ് പിടിയിലായതെന്നാണ് വിവരം. കൂടുതൽ പേരിലേക്ക് അന്വേഷണം പുരോഗമിക്കുകയാണ്.








0 comments