ഡ്രൈ ഡേയിൽ നാലര ലിറ്റർ വിദേശമദ്യവുമായി ബിജെപി പ്രവർത്തകൻ പിടിയിൽ

കഞ്ചിക്കോട് : കഞ്ചിക്കോട് മണിയേരിയിൽ നാലര ലിറ്റർ വിദേശമദ്യവുമായി ബിജെപി പ്രവർത്തകനെ
കസബ പൊലീസ് പിടികൂടി. എലപ്പുള്ളി മണ്ണുക്കാട് സ്വദേശി സന്തോഷ്(36) നെയാണ് വാഹനപരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഓട്ടോ ഡ്രൈവറായ സന്തോഷ് നാട്ടിലെ സജീവ ബിജെപി പ്രവർത്തകനാണ്. ബിവറേജിൽ നിന്നും പല തവണയായി മദ്യം വാങ്ങി നാട്ടിൽ അനധികൃതമായി വിൽപ്പന നടത്തുന്ന ഇയാളെ ഇതിന് മുൻപും പൊലീസ് പിടികൂടിയിട്ടുണ്ട്.
എലപ്പുള്ളിയിലെ വിവിധയിടങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തുന്നവരുടെ വിവരങ്ങൾ ഇതിനോടകം പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും കസബ പൊലീസ് അറിയിച്ചു. കസബ ഇൻസ്പെക്ടർ എം സുജിത്ത്, എസ് ഐ യേശുദാസ്, സുബീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എസ് സായൂജ്, ആർ രാജീദ്,ശ്രുതിൻ, അശോകൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.









0 comments