ബിജെപി വോട്ട് കൊള്ള: സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണം– ബിനോയ് വിശ്വം

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജെപി വ്യാജവോട്ട് ചേർത്തതിന്റെ പുതിയ വസ്‌തുതകൾ പുറത്തുവന്ന സാഹചര്യത്തിൽ സംഭവം സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. വോട്ടിങ്ങിന്റെ ഔദ്യോഗിക രേഖ വോട്ടർപട്ടികയാണ്. അതാണ് ബിജെപി അട്ടിമറിച്ചിരിക്കുന്നത്. ഇത് യാദൃശ്ചികമല്ല. ഗൗരവമേറിയ രാഷ്ട്രീയ പ്രശ്നമാണ്. ബിജെപിയുടെയും ആർഎസ്എസിന്റെയും ജനാധിപത്യ വിരുദ്ധതയാണ് ഇത് വിളിച്ചു പറയുന്നത്. തൃശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസങ്ങൾ നീണ്ട രഹസ്യമായ പ്രവർത്തനത്തിലൂടെയാണ് തൃശൂരിൽ വോട്ടർ പട്ടിക അട്ടിമറിച്ചത്. ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്യായമായി ആയിരക്കണക്കിന് വോട്ടർമാരെ ചേർത്തതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഫാഷിസ്റ്റ് നീക്കത്തിന്റെ ഭാഗമാണിത്. വിഷയത്തിൽ തൃശൂർ എംപിയുടെ മൗനത്തിന്റെ അർഥം, അദ്ദേഹത്തിന്റെ മുൻകൈയ്യിലാണ് അട്ടിമറി നടത്തിയത് എന്നാണ്. സ്വതന്ത്രവും നീതിപൂർവമായ തെരഞ്ഞെടുപ്പ് എന്ന ആശയത്തോട് കൂറുണ്ടെങ്കിൽ തൃശൂരിൽ ഉയർന്ന ആരോപണങ്ങളിൽ നിഷ്‌പക്ഷ അന്വേഷണം നടത്തണം.
തൃശൂരിൽ ചെന്നായ ആട്ടിൻ തോലിട്ട് വന്നു. ആടാണെന്ന കരുതി ചിലർ വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകി. കേക്ക് ഏറ്റുവാങ്ങിയവരും കിരീടം കണ്ട് കണ്ണ് മഞ്ഞളിച്ചവരും വിചാരധാര വായിക്കണം. ഇന്ത്യയിലാകെ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത പാതാളം വരെ താഴ്ന്നിരിക്കുന്നു. ജനാധിപത്യത്തിന്റെ നെടുംതൂണായ തെരഞ്ഞെടുപ്പ് സംവിധാനം കേന്ദ്രഭരണകക്ഷിയും അതിന് കുട്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് കമീഷനും നോക്കുകുത്തിയാക്കുകയാണ്. കമീഷന്റെ തീവ്രപരിശോധന എന്ന നിലയിൽ ബീഹാറിൽ 65ലക്ഷത്തോളം പേരുടെ സമ്മതിദാനവകാശം ഒറ്റയടിക്ക് ഇല്ലാതാക്കി. ഇതിനെതിരെ ജനമുന്നേറ്റം ഉയരുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.









0 comments