നിർഭാഗ്യകരമായ സംഭവം മുതലെടുക്കാൻ നെട്ടോട്ടം
രാഷ്‌ട്രീയ മുതലെടുപ്പിനും മഴവിൽസഖ്യം ; ദുരന്തങ്ങൾ ആയുധമാക്കി പ്രതിപക്ഷം

മുഹമ്മദ് ഹാഷിം
Published on Jul 05, 2025, 03:07 AM | 3 min read
കോട്ടയം
കോട്ടയം മെഡിക്കൽ കോളേജിൽ ഉപയോഗശൂന്യമായ കെട്ടിടത്തിലുണ്ടായ അപകടത്തിൽ സ്‌ത്രീ മരിച്ച ദൗർഭാഗ്യകരമായ സംഭവത്തെ രാഷ്‌ട്രീയ ആയുധമാക്കി പ്രതിപക്ഷം.
യുഡിഎഫും ബിജെപിയും എസ്‌ഡിപിഐയും ഒന്നായാണ് കോട്ടയം സംഭവത്തെ ആയുധമാക്കി മുന്നിട്ടിറങ്ങിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ വിഷയം ആളികത്തിക്കാൻ ഓടിയെത്തി.
ബിന്ദുവിന്റെ കുടുംബാംഗങ്ങളെ സർക്കാരിനെതിരെ പറയിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല. രക്ഷാപ്രവർത്തനത്തിൽ വീഴ്‌ചയുണ്ടായിട്ടില്ലെന്നും ആശുപത്രിയിലെ പ്രതികൂല സാഹചര്യം കാരണം മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് പരിശോധിക്കാൻ പാടായിരുന്നുവെന്നും ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ തന്നെ വ്യക്തമാക്കിയതോടെ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കൂത്തിത്തിരിപ്പ് പാളി. മന്ത്രി വീണാ ജോർജ് വിളിച്ചെന്നും സർക്കാർ കുടുംബത്തിന്റെ കൂടെയുണ്ടെന്ന് ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞതോടെ പ്രതിപക്ഷനേതാക്കൾ പൂർണ നിരാശയിലായി. തലയോട്ടിക്കുണ്ടായ ആഘാതത്തിൽ തൽക്ഷണമാണ് മരിച്ചതെന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരവും പുറത്തുവന്നു. ഇതോടെ പ്രതിപക്ഷവും മാധ്യമങ്ങളും ഉയർത്തിയ ആരോപണങ്ങളും വിവാദങ്ങളും പൊളിഞ്ഞു.
മൃതദേഹവുമായി പോയ ആംബുലൻസ് തടഞ്ഞ് അക്രമം നടത്തിയ യുഡിഎഫ് സംഘം രണ്ടാം ദിവസവും അക്രമത്തിനാണ് ശ്രമിച്ചത്. സംസ്ഥാന സർക്കാർ ബിന്ദുവിന്റെ കുടുംബത്തെ ചേർത്തുപിടിച്ചതോടെ ഇതൊക്കെയും തകർന്നു. മെഡിക്കൽ കോളേജ് പരിസരത്ത് രോഗികളെയും മറ്റും തടഞ്ഞ് ഗുണ്ടായിസം നടത്തുകയായിരുന്നു യൂത്ത് കോൺഗ്രസും ബിജെപിയും. എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, ചാണ്ടി ഉമ്മൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.
നിർഭാഗ്യകരമായ സംഭവം മുതലെടുക്കാൻ നെട്ടോട്ടം
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം വീണുണ്ടായ നിർഭാഗ്യകരമായ സംഭവത്തിൽ ഏവരും വേദനിക്കുമ്പോഴും കണ്ണിൽ ചോരയില്ലാത്ത മുതലെടുപ്പ് തുറന്നുകാട്ടപ്പെടുന്നു. പ്രതിപക്ഷവും മാധ്യമങ്ങളും വസ്തുതാന്വേഷണത്തിനോ രക്ഷാപ്രവർത്തനം സുഗമമായി നടത്താനുള്ള അവസരത്തിനോ കാത്തുനിൽക്കാതെ രാഷ്‌ട്രീയ നേട്ടത്തിനായി പരക്കം പാഞ്ഞു. മന്ത്രി വി എൻ വാസവൻ പറഞ്ഞതുപോലെ അക്ഷരാർഥത്തിൽ ‘ പുര കത്തുമ്പോൾ വാഴവെട്ടുക ’ യായിരുന്നു. സ്ഥലത്തെത്തി തിക്കുംതിരക്കുമുണ്ടാക്കി നാടകം കളിച്ച കോൺഗ്രസ് നേതാക്കളും ദുരന്തം വിൽക്കാൻ മത്സരിച്ച മാധ്യമങ്ങളും പ്രചരിപ്പിച്ചതൊന്നും വസ്തുതാപരമല്ലെന്ന് പിന്നീട് വ്യക്തമായി.
മന്ത്രിമാർ പ്രതികരിച്ചതുകൊണ്ട് രക്ഷാപ്രവർത്തനം വൈകിയെന്നത് പച്ചക്കള്ളമാണ്. ലഭ്യമായ വിവരം പങ്കുവച്ച മന്ത്രിമാരായ വി എൻ വാസവനും വീണാജോർജും ‘ ഇതുവരെയുള്ള വിവരങ്ങൾ മാത്രമാണിത്, കൂടുതൽ തെരച്ചിലിൽ നടത്തുകയാണ് ’ എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒരു നിമിഷം പോലും തെരച്ചിൽ വൈകിയിട്ടുമില്ല. തകർന്ന കെട്ടിടം നിൽക്കുന്ന സ്ഥലത്തേക്ക് റോഡില്ലാത്തതിനാൽ ജെസിബി എത്തിക്കാനുള്ള താമസം മാത്രമാണ് നേരിട്ടത്. എങ്ങനെയാണ് അവിടേക്ക് യന്ത്രങ്ങൾ എത്തിച്ചതെന്ന് ചാനലുകൾ തന്നെ കാണിച്ചിട്ടുമുണ്ട്. സംഭവമുണ്ടായി 15 മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തനമുണ്ടായി. മൂന്ന് വാർഡുകളിലെ രോഗികളെ മാറ്റി.
ആരെങ്കിലും മനപ്പൂർവ്വമുണ്ടാക്കിയ അപകടമാണെന്ന് പ്രചരിപ്പിക്കുന്നതിൽ രാഷ്‌ട്രീയ ദുഷ്ടലാക്ക് മാത്രമേയുള്ളു. അപകടാവസ്ഥയിലാണ് കെട്ടിടമെന്ന റിപ്പോർട്ട് കണ്ടഭാവം നടിക്കാതെ മൂന്ന് വർഷം ഭരിച്ച ഉമ്മൻചാണ്ടി സർക്കാരിന്റെ കാലമാണോ, 2016 ൽ അധികാരത്തിൽ വന്നയുടൻ പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടിയെടുത്ത എൽഡിഎഫ് സർക്കാരാണോ യഥാർഥ പ്രതി ? നാടകമാടുന്നവർ ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്നു. കെട്ടിടം ഉപയോഗിക്കരുതെന്ന കർശനമായി നിർദേശിച്ചിരുന്നു. പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ദിവസങ്ങൾ അവശേഷിക്കെയാണ് നടിനെ ഞെട്ടിച്ച് ദുരന്തം.
ഒരു ഉപകരണം ലഭ്യമാകുന്നില്ലെന്ന തിരുവനന്തപുരത്തെ ഡോക്ടറുടെ പരാതി കൊട്ടിഘോഷിച്ചതിന്റെ പിന്നാലെ വീണുകിട്ടിയ സംഭവം ചിലർ ആഘോഷപൂർവ്വം ഉപയോഗിക്കുകയാണ്. ഏറ്റവും ഉന്നതമായ നിലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രികളെയു ആതുരാലയങ്ങളേയും അടച്ചാക്ഷേപിക്കുകയാണ്. ജനങ്ങൾ ആദരിക്കുന്ന ഡോക്ടറേയും പുലഭ്യം പറയുന്ന അവസ്ഥയുണ്ടായി. സമൂഹത്തോട് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളും ഈ കള്ളനാണയങ്ങളെ പിന്തുടരുന്നുവെന്നത് അപകടകരമാണ്.
ദുരന്തങ്ങൾ ആയുധമാക്കി പ്രതിപക്ഷം
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്വകാര്യ ചാനൽ നടത്തിയ സർവേയിൽ എൽഡിഎഫിനു ഭൂരിപക്ഷം ലഭിക്കുമെന്ന ചാനൽ ചർച്ചയിൽ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ പ്രതികരണമിങ്ങനെ: ‘പതിനൊന്ന് മാസങ്ങൾക്കപ്പുറമാണ് തെരഞ്ഞെടുപ്പ്. കാലവർഷം വരാൻപോകുന്നു. അപ്പോൾ ഒരുപ്രളയം, പിന്നീട് വരൾച്ച, സാമ്പത്തിക പ്രതിസന്ധി. ഇതൊക്കെ വരുമ്പോൾ സാഹചര്യം മാറും’. കേരളത്തിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളിലും ദുരിതങ്ങളിലുമാണ് യുഡിഎഫ് പ്രതീക്ഷ വയ്‌ക്കുന്നത്.
രണ്ടാം പിണറായി സർക്കാർ നാലുവർഷം പിന്നിടുമ്പോഴും യുഡിഎഫ് നിലപാടിൽ മാറ്റമില്ലെന്ന് ഏറ്റവും ഒടുവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടവും കേരളത്തെ ഓർമിപ്പിക്കുന്നു.
പ്രളയം, ഓഖി, കോവിഡ്, നിപ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തവേളകളിലെല്ലാം ഒറ്റക്കെട്ടായി നിൽക്കുന്നതിനു പകരം സർക്കാർ നടപടികൾക്ക് തുരങ്കംവയ്‌ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഈ വേളകളിലെല്ലാം സർക്കാരിനെ കുറ്റപ്പെടുത്താനും ലഭിച്ചിരുന്ന ധനസഹായങ്ങൾ ഇല്ലാതാക്കാനും പരിശ്രമിച്ചു. സാലറി ചലഞ്ച് അടക്കമുള്ള പ്രവർത്തനങ്ങൾക്കും തുരങ്കംവയ്‌ക്കാൻ നോക്കി.
കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയപ്പോഴും പ്രളയകാലത്ത് വിതരണം ചെയ്‌ത ധാന്യങ്ങൾക്കും രക്ഷാപ്രവർത്തനത്തിനും പണം ചോദിച്ചുവാങ്ങിയപ്പോഴും രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് പ്രതിപക്ഷം പ്രവർത്തിച്ചത്. ഈ വേളകളിലൊന്നും കേന്ദ്രത്തിനെതിരെ ഒരക്ഷരം പറയാതെ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുകയായിരുന്നു അവർ.
ദേശീയപാത വികസനം, വിഴിഞ്ഞം തുറമുഖം, ഗെയിൽ പൈപ്പുലൈൻ അടക്കം കേരളത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾക്ക് തടയിടാനുള്ള ശ്രമവും പ്രതിപക്ഷം നടത്തി.









0 comments