എസ് സുരേഷിന് സംഘടനാ ചുമതല നൽകിയേക്കും; ബിജെപി പുനഃസംഘടനയിൽ പൊട്ടിത്തെറി

പ്രത്യേക ലേഖകൻ
Published on Jul 12, 2025, 11:21 PM | 1 min read
തിരുവനന്തപുരം: പി കെ കൃഷ്‌ണദാസ് പക്ഷത്തിന് കൂടുതൽ പദവികൾ നൽകി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നടത്തിയ പുനഃസംഘടനയോടെ വി മുരളീധരന്റെ ശത്രുപക്ഷത്തെ പ്രധാനി എസ് സുരേഷിനെ ജനറൽ സെക്രട്ടറിയാക്കിയതിനൊപ്പം സംഘടനാ ചുമതലകൂടി നൽകാനാണ് സാധ്യത. സെക്രട്ടറിയാകാൻ പോലും സുരേഷിന് യോഗ്യതയില്ലെന്നാണ് എതിർപക്ഷത്തിന്റെ പ്രചാരണം. സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണച്ചുമതലയുണ്ടായിരുന്ന ഉപാധ്യക്ഷൻ സി ശിവൻകുട്ടി അവഗണനയിൽ പ്രതിഷേധിച്ച് രംഗത്തെത്തി. രാജീവ് ചന്ദ്രശേഖരൻ തന്നെ മാറ്റി നിർത്താൻ പാടില്ലായിരുന്നുവെന്നും ശക്തമായ പ്രതിഷേധമുണ്ടെന്നും ശിവൻകുട്ടി തുറന്നടിച്ചു. ജനറൽ സെക്രട്ടറിയാകാൻ ആഗ്രഹിച്ചിരുന്ന പി ആർ ശിവശങ്കരനെ അവഗണിച്ചതോടെ അദ്ദേഹം സോഷ്യൽ മീഡിയ, മീഡിയ പാനലിസ്റ്റ് ഗ്രൂപ്പുകളിൽനിന്ന് ഇറങ്ങിപ്പോയി. അതിനിടെ തന്റെ നോമിനികളെ പുനഃസംഘടനയിൽ പരിഗണിക്കാത്തതിനെ തുടർന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്‌ഘാടന ചടങ്ങിൽനിന്ന് സുരേഷ് ഗോപി എംപി വിട്ടുനിന്നു. ശോഭാ സുരേന്ദ്രനും എം ടി രമേശും കൂടുതൽ ശക്തരാകുന്ന സാഹചര്യം വി മുരളീധരനും കെ സുരേന്ദ്രനും സഹിക്കാനാവില്ല. അതേസമയം, പാർടിയെ തകർക്കാൻ കൂട്ടുനിന്നവരാണ് മുരളീധരനും സുരേന്ദ്രനുമെന്നാണ് മറുഭാഗം വാദിക്കുന്നത്. പ്രസിഡന്റായിരിക്കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രിയായിരിക്കെ മുരളീധരനും ദേശീയ നേതൃത്വത്തിന് കൊടുത്ത ഉറപ്പുകളിൽ ഒന്നുപോലും പാലിച്ചില്ല. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നേറ്റം ഉണ്ടാക്കുമെന്ന് പറഞ്ഞവർ നേമം നഷ്‌ടപ്പടുത്തി. 35 സീറ്റ് നേടുമെന്നും ബാക്കി പണം കൊടുത്ത് വാങ്ങി അധികാരം പിടിക്കുമെന്നും സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. തൃശൂരിൽ സുരേന്ദ്രന്റെ നിസ്സഹകരണത്തെ അതിജീവിച്ചാണ് വിജയിച്ചതെന്ന് സുരേഷ് ഗോപി കേന്ദ്രത്തിൽ പരാതിപ്പെട്ടു. പാലക്കാട്, പന്തളം നഗരസഭകളിൽ ഗ്രൂപ്പുപോരും അഴിമതിയുംമൂലം ജനം കൈവിടുന്ന സ്ഥിതിയായി. സുരേന്ദ്രന്റെ ഫണ്ട് വെട്ടിപ്പ് കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്താനും രാജീവിന് കഴിഞ്ഞു.






0 comments