ഉരുണ്ടുകളിച്ച്‌ മുരളീധരൻ

മുനമ്പത്ത്‌ ബിജെപിയുടെ വഞ്ചന തെളിഞ്ഞു ; സമരസമിതി കടുത്ത പ്രതിഷേധത്തിൽ

bjp munambam waqf
വെബ് ഡെസ്ക്

Published on Apr 17, 2025, 01:11 AM | 2 min read


കൊച്ചി : വഖഫ്‌ നിയമഭേദഗതി ബിൽ പാർലമെന്റിൽ പാസായാൽ മുനമ്പം ഭൂമിപ്രശ്‌നത്തിന്‌ ശാശ്വത പരിഹാരമാകുമെന്ന്‌ പ്രഖ്യാപിച്ച ബിജെപിയും കേന്ദ്രസർക്കാരും വഞ്ചിച്ചെന്ന്‌ വ്യക്തമായതോടെ കടുത്ത പ്രതിഷേധം ഉയർത്തി മുനമ്പം നിവാസികൾ. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ചൊവ്വാഴ്‌ച മുനമ്പത്തെത്തിയപ്പോൾ നിലപാട്‌ മാറ്റിയതാണ്‌ ശക്തമായ പ്രതിഷേധത്തിന്‌ തിരികൊളുത്തിയത്‌.


പ്രശ്‌നപരിഹാരത്തിന്‌ വഖഫ്‌ നിയമഭേദഗതി മതിയാകില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന മുനമ്പത്തുകാർക്ക്‌ ഇരുട്ടടിയായി. പ്രദേശത്ത്‌ 186 ദിവസമായി സമരം നടത്തുന്നവർ ഇതോടെ കടുത്ത നിരാശയിലായി. മാധ്യമപ്രവർത്തകർക്കുമുന്നിൽ സത്യം തുറന്നുപറഞ്ഞ കേന്ദ്രമന്ത്രിക്ക്‌ പിന്നീട്‌ മുനമ്പം വേളാങ്കണ്ണി പള്ളി അങ്കണത്തിൽ നടന്ന ‘നന്ദി മോദി’ പരിപാടിയിലും മറ്റൊന്നും പറയാനില്ലായിരുന്നു. ഈ ബില്ലുകൊണ്ട്‌ മുനമ്പം നിവാസികൾക്ക്‌ ലഭിക്കുന്ന നേട്ടമെന്തെന്ന്‌ വിശദീകരിക്കാനും കഴിഞ്ഞില്ല.


വഖഫ്‌ ബില്ലും മുനമ്പം വിഷയവും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന യാഥാർഥ്യം മറച്ച്‌ ജനങ്ങളെ കബളിപ്പിക്കാനാണ്‌ കേന്ദ്രസർക്കാരും ബിജെപിയും ശ്രമിച്ചത്‌. മുസ്ലിം സമുദായത്തിന്റെ അവകാശങ്ങളിലേക്ക്‌ കൈകടത്താനും അതോടൊപ്പം ക്രൈസ്‌തവ വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച്‌ കൂടെനിർത്താനുമുള്ള ഗൂഢനീക്കമാണ്‌ ഉണ്ടായത്‌. എന്നാൽ, ഗത്യന്തരമില്ലാതെ, കേന്ദ്രമന്ത്രിക്ക്‌ വസ്‌തുത വ്യക്തമാക്കേണ്ടിവന്നതോടെ വഞ്ചന തിരിച്ചറിഞ്ഞു.


പ്രശ്‌നപരിഹാരത്തിന്‌ സുപ്രീംകോടതിവരെ പോകേണ്ടിവരുമെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിൽ മുനമ്പത്ത്‌ ആശങ്ക പടരുകയാണ്‌. കേന്ദ്രസർക്കാരും ബിജെപി നേതാക്കളും വാഗ്‌ദാനങ്ങൾ നൽകിക്കൊണ്ടേയിരിക്കുന്നു. പക്ഷേ, പ്രശ്‌നത്തിന്‌ പരിഹാരമാകുന്നില്ലെന്നാണ്‌ മുനമ്പം പള്ളി വികാരി ആന്റണി തറയിലിന്റെ പ്രതികരണം. പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട്‌ വികാരി ചില ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും കേന്ദ്രമന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു.


ഇതോടെയാണ്‌ അടുത്തൊന്നും പ്രശ്‌നപരിഹാരം ഉണ്ടാകില്ലെന്ന്‌ സമരസമിതിക്ക്‌ ബോധ്യമായത്‌. പ്രശ്‌നപരിഹാരത്തിന്‌ സംസ്ഥാന സർക്കാരിനെ സമീപിക്കാനും സമരം ശക്തമാക്കാനുമാണ്‌ സമരസമിതിയുടെ തീരുമാനമെന്ന്‌ കൺവീനർ ജോസഫ്‌ ബെന്നി ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.


ഉരുണ്ടുകളിച്ച്‌ മുരളീധരൻ

ബിജെപിയുടെ മുനമ്പം നാടകം കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ വാക്കുകളിലൂടെ പൊളിഞ്ഞതോടെ ന്യായീകരിച്ച്‌ കുഴഞ്ഞ്‌ മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രമന്ത്രിയുടെ വാക്കുകളെ ഇന്ത്യാസഖ്യം മാധ്യമങ്ങളിലൂടെ വളച്ചൊടിച്ചെന്നാണ്‌ ഇപ്പോൾ മുരളീധരൻ പറയുന്നത്‌. പ്രശ്‌നങ്ങളെ കോടതിയിലേക്ക്‌ വലിച്ചിഴയ്‌ക്കാനുള്ള ബിജെപിയുടെ തന്ത്രം തിരിച്ചറിഞ്ഞ മുനമ്പം സമരസമിതി കൺവീനർ ജോസഫ്‌ ബെന്നി കേന്ദ്രസർക്കാർ തങ്ങളെ ചതിച്ചുവെന്ന്‌ പറഞ്ഞതിന്‌ പിന്നാലെയാണ്‌ ഈ വിചിത്ര വാദം. കാര്യങ്ങൾ കൈവിട്ടുപോകുമെന്നായതോടെ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ്‌ വളച്ചൊടിക്കലുമായി മുരളീധരൻ വാർത്താസമ്മേളനം വിളിച്ചത്‌.


ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടനുസരിച്ച്‌ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനുള്ള സംസ്ഥാനസർക്കാർ ശ്രമത്തെയും മുരളീധരൻ തള്ളി. വഖഫ്‌നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ ജുഡീഷ്യൽ കമീഷന്റെ റിപ്പോർട്ടിന്‌ ഇനി പ്രസക്തിയില്ലെന്നും കമീഷന്‌ ഒന്നും ചെയ്യാനാകില്ലെന്നും മുരളീധരൻ പ
റഞ്ഞു.


കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം 
നിരാശയുണ്ടാക്കുന്നു: സിറോ മലബാർ സഭ

മുനമ്പം നിവാസികളെ കൈവിടുന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന്റെ പ്രഖ്യാപനം കടുത്ത നിരാശയുണ്ടാക്കുന്നതാണെന്ന്‌ സിറോ മലബാർ സഭ. പ്രശ്നം പരിഹരിക്കാത്തതിൽ കടുത്ത ആശങ്കയുണ്ടെന്നും രാഷ്‌ട്രീയനേതൃത്വം തെറ്റിദ്ധരിപ്പിച്ചെന്നും സഭാ വക്താവ്‌ ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.


ഭേദഗതിക്ക് മുൻകാല പ്രാബല്യം വേണ്ടതായിരുന്നു. അതായിരുന്നു ഞങ്ങളുടെ ആവശ്യം. അതുണ്ടായില്ല. മുനമ്പം ഭൂമിവിഷയത്തിൽ ശാശ്വതപരിഹാരം ഉണ്ടാകുമെന്നാണ്‌ വഖഫ്‌ നിയമഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച്‌ മന്ത്രി കിരൺ റിജിജു പറഞ്ഞിരുന്നത്‌. എന്നാൽ, വഖഫ്‌ ഭേദഗതി നിയമംകൊണ്ടുമാത്രം പ്രശ്‌നപരിഹാരം ഉണ്ടാകില്ലെന്നാണ്‌ അദ്ദേഹം മുനമ്പത്ത്‌ വന്നപ്പോൾ പറഞ്ഞത്‌. ഇത്‌ വേദനാജനകമാണ്‌. വേഗത്തിൽ പ്രശ്നം പരിഹരിക്കപ്പെടണം. വിഷയത്തിൽ സംസ്ഥാന സർക്കാരും ക്രിയാത്മകമായി ഇടപെടണം. വഖഫ് ട്രിബ്യൂണലിൽ സംസ്ഥാന സർക്കാരിനുള്ള അധികാരം ഉപയോഗിക്കണമെന്നും ഫാ. ആന്റണി വടക്കേക്കര പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home