'വായ്പ എടുത്തിട്ട് തിരിച്ചടയ്ക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്': ബിജെപി നേതാക്കള്‍ക്കെതിരെ എം എസ് കുമാര്‍

തിരുവനന്തപുരം: താന്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത വിഷയത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് എം എസ് കുമാര്‍. താൻ നേതൃത്വം നൽകുന്ന സഹകരണ ബാങ്കിൽ നിന്ന് ലക്ഷങ്ങൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നേതാക്കളായി വിലസുന്നവർ പാർട്ടിയിലുണ്ടെന്നും, അനിലിന് അനുഭവിക്കേണ്ടി വന്ന മാനസിക സമ്മർദ്ദം തനിക്ക് ഊഹിക്കാൻ കഴിയുമെന്നും എം എസ് കുമാർ തുറന്നടിച്ചു.
വായ്പ തിരിച്ചടയ്‌ക്കേണ്ടതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട നേതാക്കൾക്ക് ബോധ്യമുണ്ടാകണമെന്നും, അനന്തപുരി സഹകരണ സംഘത്തിൽ നിന്ന് വായ്പയെടുത്തവരിൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. "ഞാൻ കൂടി ഉള്ള സംഘത്തിൽ നിന്നും വായ്പ എടുത്തിട്ടുള്ള 70 ശതമാനം പേരും എന്റെ പാർട്ടിക്കാരാണ്. തിരിച്ചടക്കാത്തവരിൽ 90 ശതമാനവും അതേ പാർട്ടിക്കാർ തന്നെ. അതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെ ഉണ്ട്. മറ്റു പാർട്ടികളിൽ നിന്ന് നമ്മുടെ സഹയാത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളും ഉണ്ട്," എന്നായിരുന്നു നേരത്തെ അനിൽ മരിച്ച സമയത്ത് അദ്ദേഹത്തിന്റെ പ്രതികരണം.
'10 വര്‍ഷത്തിലധികമായി തിരിച്ചടയ്ക്കാത്തവര്‍ക്ക് രണ്ടാഴ്ച്ചയെങ്കിലും സമയം കൊടുക്കണ്ടേ? ബിജെപിയുടെ ആരുമല്ല ഞാനെന്ന ബോധ്യം ഇപ്പോഴാണ് വന്നത്. ഞാന്‍ ബിജെപിയുടെ ആരുമല്ലെന്ന് പറഞ്ഞത് എസ് സുരേഷാണ്. അത്യുന്നതനായ നേതാവാണ് അദ്ദേഹം. സുരേഷ് പറഞ്ഞാല്‍ അത് അവസാന വാക്കാണ്. ഇപ്പോള്‍ പാര്‍ട്ടി പരിപാടികള്‍ എന്നെ അറിയിക്കാറില്ല. വായ്പ എടുത്ത നേതാക്കളെക്കുറിച്ച് വെളിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അത് ഉടന്‍ തന്നെ വെളിപ്പെടുത്തും. ഫേസ്ബുക്കിലെ പ്രതികരണം ഒരു ഓര്‍മപ്പെടുത്തലാണ്': എം എസ് കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറും ജനറൽ സെക്രട്ടറിയുമായിരുന്ന തിരുമല അനിലിനെ സെപ്റ്റംബർ 20 ന് തിരുമലയിലെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അനിലിന്റെ കൈപ്പടയിലെഴുതിയ കുറിപ്പിൽ, അദ്ദേഹം അധ്യക്ഷനായിരുന്ന വലിയശാല ഫാം ടൂർ സഹകരണസംഘത്തിന് ആറു കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നും ആത്മഹത്യക്ക് കാരണം ബാങ്കിലെ പ്രതിസന്ധിയാണെന്നുമുള്ള വിവരങ്ങൾ സ്ഥിരീകരിച്ചിരുന്നു.
അനിലിന്റെ അതേ മാനസികാവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും എം എസ് കുമാർ പറഞ്ഞു. 'മരിച്ചുകഴിഞ്ഞ് നെഞ്ചത്ത് റീത്ത് വെക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.








0 comments