‘ചികിത്സ ഉമ്മൻചാണ്ടിയുടെ ശബ്ദം ഇല്ലാതാക്കുമെന്ന് ചിലർ ഭയന്നു ’ ; വെളിപ്പെടുത്തൽ മുൻ പ്രസ് സെക്രട്ടറിയുടെ പുസ്‌തകത്തിൽ


സി കെ ദിനേശ്
Published on Jul 18, 2025, 03:29 AM | 1 min read
തിരുവനന്തപുരം
ഉമ്മൻചാണ്ടിയുടെ രോഗം കണ്ടെത്തിയപ്പോൾ തന്നെ ഉചിതമായ ചികിത്സ നൽകിയിരുന്നെങ്കിൽ കുറച്ചുനാൾ കൂടി അദ്ദേഹം ജീവിച്ചിരുന്നേനെയെന്ന് പ്രസ് സെക്രട്ടറിയായിരുന്ന പി ടി ചാക്കോ. ബുധനാഴ്‌ച പ്രകാശനം ചെയ്ത പി ടി ചാക്കോയുടെ ഉമ്മൻചാണ്ടിയുടെ ജീവചരിത്രം ‘ വിസ്മയ തീരത്ത് ’ എന്ന പുസ്‌തകത്തിലാണ് ഈ വിവരമുള്ളത്. ‘രോഗം നേരത്തേ കണ്ടെത്തിയതിനാൽ ഉചിതമായ ചികിത്സ ചെയ്തിരുന്നെങ്കിൽ അദ്ദേഹം കുറച്ചുനാൾ കൂടി ജീവിച്ചിരിക്കുമായിരുന്നു എന്ന് മെഡിക്കൽ വിദഗ്ധർ വിലയിരുത്തി. കീമോ തെറാപ്പിയോ റേഡിയേഷനോ ചെയ്താൽ അതോടെ ശബ്ദം ഇല്ലാതാകുമെന്നും കോലം കെട്ടുപോകുമെന്നും മരണത്തിലേക്ക് തള്ളിവിടുമെന്നും വീട്ടുകാരിൽ ചിലർ ഭയന്നു’ എന്നുമാണ് പുസ്‌തകത്തിലുള്ളത്.
ദീർഘകാലത്തെ ചികിത്സ വേണ്ടിവന്നതിനാൽ ഉമ്മൻചാണ്ടിയുടെ കുടുംബം കടുത്ത സാമ്പത്തിക പ്രയാസങ്ങളിലായി. സംസ്ഥാന സർക്കാർ എംഎൽഎ എന്ന നിലയിൽ 63.45 ലക്ഷം രൂപ അനുവദിച്ചതോടെയാണ് ആശ്വാസമായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ ഓരോഘട്ടത്തിലും ചാണ്ടി ഉമ്മൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചതിന്റെ നാൾവഴിയുമുണ്ട്. കോൺഗ്രസ് നേതാക്കൾ ആവശ്യമായ സഹായങ്ങൾ ചെയ്തിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ചികിത്സാസമയത്ത് ബുദ്ധിമുട്ടിയിരുന്നുവെന്നതിന്റെ തെളിവാണ് പുസ്തകം.
2017ൽ തന്റെ പ്രൊമോഷന് ഉമ്മൻചാണ്ടി ഇടപെട്ടതും 24 മണിക്കൂറിനുള്ളിൽ ഉത്തരവിറങ്ങിയതും സ്മരിക്കുന്നുണ്ട്. ‘ ഇൻഫർമേഷൻ ഓഫീസറായിരുന്ന എനിക്ക് ഡെപ്യൂട്ടി ഡയറക്ടറായി പ്രൊമോഷൻ, പോസ്‌റ്റിങ് ഡൽഹിയിൽ. ഏറ്റവും സീനിയറും വിരമിക്കാൻ ഒന്നോ രണ്ടോ മാസമുള്ള എന്നെ ഡൽഹിക്കടിച്ചാൽ അത് വിവാദമാകില്ലേ എന്നോ മറ്റോ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചത്രേ. പലകാരണങ്ങളാൽ ഫയൽ തീരുമാനത്തിലെത്താതെ കിടന്നു. അറ്റകൈ പ്രയോഗം, ഉമ്മൻചാണ്ടിയോട് കാര്യം പറഞ്ഞു. അദ്ദേഹം രാത്രിയിൽ തന്നെ പിണറായിയെ വിളിച്ചു. അടിയന്തരമായി ഫയൽ വിളിച്ചുവരുത്തിയ മുഖ്യമന്ത്രി പിറ്റേന്ന് അഞ്ചുമണിക്ക് മുമ്പ് പ്രൊമോഷൻ ഉത്തരവ് കൊടുക്കണമെന്ന് അന്ത്യശാസനം. പിന്നെ സെക്രട്ടറിയറ്റിൽ നിന്ന് വിളിയോട് വിളി. ഈ ഉത്തരവ് വാങ്ങിയേ പോകാവൊള്ളേ..എന്ന്’ – ഗ്രന്ഥകാരൻ അനുസ്‌മരിക്കുന്നു.









0 comments