ഇടുക്കിയിൽ കനത്ത മഴ; റോഡിലേക്ക് പതിച്ച മൺകൂനയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികൻ മരിച്ചു

ഇടുക്കി: ഇടുക്കി വെള്ളാരംകുന്നിൽ കനത്ത മഴയിൽ റോഡിലേക്ക് പതിച്ച മൺകൂനയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികൻ മരിച്ചു. പറപ്പള്ളി വീട്ടിൽ തങ്കച്ചനാണ് മരിച്ചത്. കനത്ത മഴയിൽ റോഡിലേക്ക് വീണ മൺകൂനയിലിടിച്ച് ബൈക്ക് മറിയുകയായിരുന്നു. കുമളി-ആനവിലാസം റോഡിൽ വെള്ളാരംകുന്നിൽ ശനിയാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു അപകടം.
ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വ്യപക വെള്ളക്കെട്ടും നാശനഷ്ടവും. കുമിളിയിൽ കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. പല സ്ഥാനങ്ങളിലും ഗതാഗതം പൂർണമായും നിലച്ചു. മഴ ലഭിക്കുന്ന മേഖലകളിൽ വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ,മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണമെന്നും അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും നിർദ്ദേശമുണ്ട്.
ഒന്നാം മൈൽ, വലിയകണ്ടം, മഹിമ റോഡ് തുടങ്ങിയ ഭാഗത്തെ പല വീടുകളിലും വെള്ളം കയറി. കുമളി ടൗണിലെ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കനത്ത നാശമാണുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് 13 ഷട്ടറും ഉയർത്തി ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം തുറന്നുവിട്ടിരുന്നു. മൂന്ന് ഘട്ടമായാണ് സ്‌പിൽവേ ഷട്ടറുകൾ ഉയർത്തിയത്.







0 comments