പറവൂർ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

പറവൂർ : കോട്ടുവള്ളി പറവൂർ റോഡിൽ കോട്ടുവള്ളി സൗത്ത് നാടകശാലയ്ക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. വരാപ്പുഴ കൊല്ലംപറമ്പിൽ വീട്ടിൽ കെ എസ് രഞ്ജിത്, കോട്ടയം പുലയന്നൂർ മുത്തോലി ജോയൽ ജോയ് എന്നിവരാണ് മരിച്ചത്.
തിങ്കൾ രാത്രി ഒമ്പതിനാണ് അപകടം. ബൈക്കിൽനിന്ന് തെറിച്ചുവീണ യുവാക്കളെ ചേരാനല്ലൂർ ആസ്റ്റർ മെഡ്‌സിറ്റിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകടം നടക്കുമ്പോൾ പ്രദേശത്ത് വൈദ്യുതിയുണ്ടായിരുന്നില്ല. വലിയ ശബ്ദംകേട്ട് തൊട്ടടുത്തുള്ള വീട്ടുകാർ എത്തുമ്പോൾ രണ്ടുപേർ റോഡിൽ പരിക്കേറ്റ് കിടക്കുന്നതാണ് കണ്ടത്. പറവൂർ പൊലിസെത്തി തുടർനടപടികൾ സ്വീകരിച്ചു.
അപകടത്തിൽപ്പെട്ട ബൈക്കുകളിലിടിക്കാതിരിക്കാൻ വെട്ടിച്ച സ്‌കൂട്ടർ മതിലിലിടിച്ച് യുവാവിന് പരിക്കേറ്റു. പറവൂർ കിഴക്കേപ്രം പഴൂപറമ്പത്ത് അർജുൻ സുബ്രഹ്മണ്യനാണ് (29) പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.







0 comments