ഭാരതപ്പുഴ അപകടം: ഒഴുക്കിൽപ്പെട്ട നാലുപേരും മരിച്ചു

bharathapuzha accident
ചെറുതുരുത്തി : ഭാരതപ്പുഴയുടെ പൈങ്കുളം ശ്‌മശാനം കടവിൽ നാല് പേർ മുങ്ങി മരിച്ചു. വ്യാഴാഴ്ച വൈകിട്ട് 5.30ഓടെയാണ് അപകടം. പുഴ കാണാനെത്തിയ സംഘമാണ് അപകടത്തിൽ പെട്ടത്. ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബീർ (47 ), ഭാര്യ ഷാഹിന (35 ), മകൾ സറ (9), ഷാഹിനയുടെ സഹോദരി ചേലക്കര മേപ്പാടം ആന്ത്രോട്ടിൽ വീട്ടിൽ ഷഫാനയുടേയും ജാഫറിന്റെയും മകൻ ഫുവാദ് സനിൻ (13) എന്നിവരാണ് മരിച്ചത്. സറ ഒഴുക്കിൽപ്പെട്ടപ്പോൾ മറ്റു മൂവരും രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. വൈകിട്ട് അഞ്ചോടെയാണ് ഇവർ പുഴ കാണാനെത്തിയത്.

ഒഴുക്കിൽപ്പെട്ട സ്ഥലത്ത് നല്ല ആഴവും അടിയൊഴുക്കും ഉണ്ടായിരുന്നു. അപകടം നടക്കുമ്പോൾ കടവിന് സമീപത്തായി സ്ത്രീകൾ കുളിക്കാനെത്തിയിരുന്നു. ഇവരാണ് റോഡിലേക്ക് ഓടിവന്ന് വിവരമറിയിച്ചത്. പൈങ്കുളം സ്വദേശി പ്രമോദ് ഉടനെ വെള്ളത്തിലേക്ക് എടുത്തുചാടി ഷാഹിനയെ കരയ്‌ക്കെത്തിച്ചു.
ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചു. നാട്ടുകാരുടെയും വടക്കാഞ്ചേരി, ഷൊർണൂർ ഫയർഫോഴ്സിന്റെയും ചെറുതുരുത്തി ചേലക്കര പൊലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. അപകടം നടന്ന് രണ്ടര മണിക്കൂറിനകം മൂന്നു മൃതദേഹങ്ങളും കിട്ടി. മൃതദേഹങ്ങൾ ചേലക്കര ജീവോദയ ആശുപത്രിയിലെത്തിച്ചു. രാത്രി ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തൃശൂർ എസ്‌പി ആർ ഇളങ്കോ, ജില്ലാ ഫയർ ഓഫീസർ എംഎംഎസ് സുവി, വടക്കാഞ്ചേരി സ്റ്റേഷൻ ഓഫീസർ എൻ കെ നിധീഷ് , ഷൊർണൂർ സ്റ്റേഷൻ ഓഫീസർ എ എം വാഹിദ്, ചെറുതുരുത്തി സി ഐ അനന്തകൃഷ്ണൻ , എസ്ഐ മാരായ എ ആർ നിഖിൽ, വർഗീസ്, സി പി ഒ മാരായ ലിനു, രഞ്ജിത്ത്, ഷംസുദ്ദീൻ, നിതീഷ് , ഗിരീഷ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.









0 comments