ഒഴിഞ്ഞ മദ്യക്കുപ്പി ശല്യമാകില്ല; ശേഖരിക്കാൻ ബെവ്‌കോ

പ്രതീകാത്മകചിത്രം

സ്വന്തം ലേഖകൻ
Published on Jun 28, 2025, 08:27 AM | 1 min read
തിരുവനന്തപുരം : ഒഴിഞ്ഞ മദ്യക്കുപ്പികൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകാൻ ബിവറേജ് കോർപറേഷൻ ചർച്ച തുടങ്ങി. എല്ലാ ഔട്ട്‌ലറ്റുകളിലും ഇതിനുള്ള സൗകര്യമൊരുക്കാനാണ് ആലോചന. ഇതുസംബന്ധിച്ച പ്രാഥമിക ചർച്ച പൂർത്തിയായി. 2020ൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇത്തരത്തിൽ പദ്ധതിയുണ്ടാക്കിയിരുന്നു. കോവിഡിനെത്തുടർന്ന് പദ്ധതി അവസാനിപ്പിച്ചു. ഇത് വലിയ രീതിയിൽ പുനരാരംഭിക്കുകയാണ് ലക്ഷ്യം. ഏകദേശം അഞ്ചുകോടി രൂപയുടെ മദ്യമാണ് പ്ലാസ്‌റ്റിക് ബോട്ടിൽ വഴി ബെവ്‌കോ വിൽക്കുന്നത്. 284 ഔട്ട്‌ലറ്റുകളാണ് ബെവ്‌കോയ്‌ക്കുള്ളത്.
മദ്യം വാങ്ങാൻ വരുമ്പോൾ ഒഴിഞ്ഞ മദ്യക്കുപ്പികൾ കൊണ്ടുവന്ന് കൗണ്ടറിന് സമീപം സ്ഥാപിക്കുന്ന ബാസ്‌കറ്റിൽ നിക്ഷേപിക്കാം. നിറയുന്നതിനനുസരിച്ച് ആഴ്‌ചയിലോ മാസത്തിലോ ക്ലീൻ കേരള കമ്പനി നീക്കം ചെയ്യും. എല്ലാ ജില്ലകളിലും ഓഫീസും ഗോഡൗണും കമ്പനിക്ക് ഉണ്ട്. 65 ഏജൻസിയുമായി ക്ലീൻകേരള കമ്പനിക്ക് കരാറുണ്ട്. അതിനാൽ ബോട്ടിലുകൾ നീക്കം ചെയ്യാൻ പ്രയാസമുണ്ടാകില്ല. കുപ്പി നിക്ഷേപിക്കുന്നവർക്ക് ചെറിയ തുക നൽകാനാകുമോയെന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
ബോട്ടിലുകൾ നീക്കം ചെയ്യാൻ നിശ്‌ചിത തുക ബെവ്‌കോ നൽകേണ്ടി വരും. അതുസംബന്ധിച്ച് തുടർ ചർച്ചയിൽ ധാരണയിലെത്തും. രണ്ട് പൊതുമേഖലാ കമ്പനികൾ തമ്മിലുള്ള കരാറായതിനാൽ ടെൻഡറിന്റെ ആവശ്യമുണ്ടാകില്ല. പകരം ധാരണപത്രത്തിൽ ഒപ്പുവച്ചാൽ മതിയാകും. പ്ലാസ്‌റ്റിക് ബോട്ടിലുകൾ റീസൈക്കികൾ ചെയ്യുന്നതിന് കേരളത്തിൽ കമ്പനികളില്ല. കോയമ്പത്തൂരിലെ കമ്പനികളിലേക്ക് എത്തിക്കാൻ ഗതാഗത ചെലവ് ഏറെയാണ്. ഇതാണ് നിലവിലെ പ്രതിസന്ധി. അതിനാൽ ചെറിയ സാമ്പത്തികസഹായം ബെവ്‌കോയിൽനിന്ന് ക്ലീൻകേരള കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. പദ്ധതി സംബന്ധിച്ച് ഒരുമാസത്തിനകം തീരുമാനമായേക്കും.








0 comments