മദ്യകുപ്പികളില്‍ തിരിമറി: 2 ബിവറേജ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തൊണ്ടർനാട്: ബീവറേജിൽ മോഷ്ടാക്കൾ കയറി മദ്യം മോഷ്ടിച്ചതിന്റെ മറവിൽ കൂടുതൽ മദ്യക്കുപ്പികൾ കളവ് പോയതായി കാണിച്ച് പൊലീസിൽ പരാതി നൽകുകയും ബിവറേജിൽ മദ്യക്കുപ്പികളിൽ തിരിമറി നടത്തുകയും ചെയ്ത രണ്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ഷോപ്പ് ഇൻ ചാർജ് എം പി ഹരീഷ് കുമാർ, ഓഡിറ്റ് മാനേജർ കെ ടി ബിജു എന്നിവരെയാണ് ബിവറേജ് എംഡി ഹർഷിത അട്ടലൂരി സസ്‌പെൻഡ് ചെയ്തത്.
ജനുവരി ഒമ്പതിനായിരുന്നു തൊണ്ടർനാട് ബിവറേജിൽ മോഷണം നടന്നത്. 92,000ത്തോളം രൂപയുടെ മദ്യം മോഷണം പോയെന്നാണ് ഹരീഷ് അന്നേ ദിവസം പൊലീസിൽ പരാതി നൽകിയത്. പ്രതികളെ പിടി കൂടിയപ്പോൾ നാലു കുപ്പി മദ്യം മാത്രമാണ് മോഷണം പോയിരുന്നതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ബാക്കി മദ്യം ജീവനക്കാരിലാരോ പൂഴ്ത്തിയതായി സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബെവ് കോ റീജിയണൽ മാനേജർ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി ഇരുവരേയും സസ്‌പെന്റ് ചെയ്തത്.
മോഷ്ടാവ് പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിൽ മദ്യക്കുപ്പികളുടെ എണ്ണം മനപൂർവ്വം കുറച്ച് കാണിച്ച് ആ മദ്യം മോഷ്ടിക്കപ്പെട്ടതായി വരുത്തിയാണ് ഹരീഷ് തട്ടിപ്പിന് ശ്രമിച്ചത്. മോഷ്ടാവ് പിടിക്കപ്പെട്ടപ്പോൾ ഹരീഷ് തന്ത്രപൂർവ്വം കുപ്പികൾ തിരികെ വെക്കുകയും ചിലത് വിൽപ്പന നടത്തിയതായി കാണിച്ച് സ്വന്തം അക്കൗണ്ട് വഴി പണം അടക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഓഡിറ്റ് മാനേജരായ ബിജു നടത്തിയ പരിശോധനയിൽ രേഖകളിൽ ക്രമക്കേട് നടത്തുകയും കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തുകയും ചെയ്തതായും കണ്ടെത്തി. ഇതോടെയാണ് ഇരുവർക്കുമെതിരെ നടപടിയെടുത്തത്.








0 comments