മുറിച്ചാലും അന്തരീക്ഷത്തിലുണ്ടാകും: എമ്പുരാന്റെ അണിയറപ്രവർത്തകരെ അഭിനന്ദിച്ച്‌ ബെന്യാമിൻ

benyamin on empuraan movie
വെബ് ഡെസ്ക്

Published on Apr 01, 2025, 01:11 AM | 1 min read


തിരുവനന്തപുരം : എമ്പുരാൻ സിനിമയുടെ അണിയറപ്രവർത്തകരെ അഭിനന്ദിച്ച്‌ എഴുത്തുകാരൻ ബെന്യാമിൻ. പെരുമാൾ മുരുകന്റെയും എസ് ഹരീഷിന്റെയും ദീപിക പദുക്കോണിന്റെയും അനുഭവങ്ങൾ മുന്നിലുള്ളപ്പോഴും ആരെയാണ് ഉന്നം വയ്ക്കുന്നതെന്ന് കൃത്യമായി മനസ്സിലാവുന്ന സീനുകൾ ആലോചിക്കാനും ഉൾപ്പെടുത്താനും കാണിച്ച മനസിനെ അഭിനന്ദിക്കാതെ വയ്യ. ഫാസിസം ഇന്ത്യയിൽ എവിടെയെത്തി എന്ന്‌ ചർച്ചനടക്കുന്ന ഇക്കാലത്ത് അതിനെ അളക്കാനുള്ള ഒരു സൂചകമായി സിനിമ മാറിയെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.


നിർമാതാക്കളുടെ താൽപ്പര്യം പ്രമാണിച്ച് സീനുകൾ മുറിച്ചുമാറ്റിയാലും അവ അന്തരീക്ഷത്തിൽ നിലനിൽക്കുകതന്നെചെയ്യും. മറന്നുകളഞ്ഞു എന്ന് വിചാരിച്ച ചിലത് ഓർമിപ്പിച്ചതിന്റെ വേവലാതി സിനിമയ്ക്കുപിന്നാലെ ആക്രമണ സ്വഭാവത്തോടെ ഓടുന്നവർക്കുണ്ട്. ചിലരെ വേവലാതിപ്പെടുത്തുകയും മുറിപ്പെടുത്തുകയും ആകുലരാക്കുകയും ദേഷ്യപിടിപ്പിക്കുകയും ഒക്കെയാണ് കലയുടെ ദൗത്യം. എല്ലാവരെയും തൃപ്തിപ്പെടുത്തുക കലയുടെ ദൗത്യമല്ല. കച്ചവട സിനിമ ആയിരിക്കെത്തന്നെ ആ ദൗത്യം നിർവഹിക്കാൻ സിനിമയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ടെന്നും ബെന്യാമിൻ പറഞ്ഞു.


എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജിന് പിന്തുണയുമായി എഴുത്തുകാരി സാറ ജോസഫും രംഗത്തെത്തി. ഭീരുക്കൾ വെട്ടിമാറ്റിയ ചരിത്രസത്യങ്ങൾ ഏച്ചുകൂട്ടാൻ കൈക്കരുത്തുള്ള ഒരു തലമുറ ഒപ്പമുണ്ടെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home