ബീമാപള്ളി ഉറൂസിന് ഇന്ന് തുടക്കം

തിരുവനന്തപുരം : ബീമാപള്ളി ഉറൂസിന് ശനിയാഴ്‌ച പകൽ 11ന് മുസ്ലിം ജമാ അത്ത് പ്രസിഡന്റ് എസ് അബ്ദുൽ ജബ്ബാറും വൈസ് പ്രസിഡന്റ് ഹലീലു റഹ്‌മാനും പതാക ഉയർത്തുന്നതോടെ തുടക്കമാകും. പത്തുദിവസമാണ് ഉറൂസ്. ഇതിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ എഡിഎം ടി കെ വിനീതിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി.
ആദ്യദിവസത്തെ കൂട്ടപ്രാർഥനയ്‌ക്ക് ബീമാപള്ളി ചീഫ് ഇമാം അൽ ഹാഫിസ് കുമ്മനം നിസാമുദ്ദിൻ അസ്ഹരി നേതൃത്വം നൽകും. രാത്രി 9.30ന് ബീമാപള്ളി ഹുസൈൻ മതപ്രഭാഷണം നടത്തും. ദിവസവും മതപ്രഭാഷണമുണ്ട്. പ്രധാനപ്പെട്ട ദിവസങ്ങളിൽ അന്നദാനം സംഘടിപ്പിക്കും. ഡിസംബർ രണ്ടിന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും. ബീമാപള്ളി ദർഗാ ഷറീഫിലെ വാർഷിക ഉറൂസ് ആണ് ഹിജ്റ കലണ്ടർ പ്രകാരം റജബ് മാസത്തിലെ ബീമാപള്ളി ഉറൂസ്.
തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ശനിയാഴ്‌ച കലക്ടർ പ്രാദേശിക അവധി നൽകി. തദ്ദേശസ്ഥാപനങ്ങൾ, പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് അവധി ബാധകമല്ല. നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകളും നടക്കും. വനിതാ പൊലീസ് ഉൾപ്പെടെ കൂടുതൽ പൊലീസുകാരെ വിന്യസിക്കും. പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച് വിപുലമായ സിസിടിവി സംവിധാനമുണ്ടാകും. വാട്ടർ ടാങ്കും മൊബൈൽ ശുചിമുറിയും സജ്ജമാക്കും. ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീമും ഉണ്ടാകും. കെഎസ്‌ആർടിസി പ്രത്യേക ബസ് സർവീസ് ഏർപ്പാടാക്കിയിട്ടുണ്ട്.









0 comments