കാലു പിടിക്കുന്ന സംസ്കാരത്തിന്റെ ഭാഗമാക്കാനല്ല, നിവർന്നു നിന്ന് സംസാരിക്കാൻ കരുത്താണ് കുട്ടികൾക്ക് നൽകേണ്ടത് : ബാലസംഘം

തിരുവനന്തപുരം : ഗുരുപൂജയുടെ പേരിൽ കുട്ടികളെ അധ്യാപകരുടെ കാല് പിടിപ്പിക്കുന്ന പരിപാടി തെറ്റായ സന്ദേശമാണ് നൽകുന്നത് എന്ന് ബാലസംഘം പ്രസ്താവനയിലൂടെ പറഞ്ഞു.
പ്രസ്താവനയുടെ പൂർണരൂപം
ആധുനിക മനുഷ്യരായി കുട്ടികളെ രൂപപ്പെടുത്തിയെടുക്കാനുള്ള അന്തരീക്ഷമാണ് ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിലും ഉണ്ടാകേണ്ടത്. കുട്ടികളെ പ്രാകൃത കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനും, പുരാതനകാലത്തു നിന്ന് നാം കുടഞ്ഞെറിഞ്ഞു പോന്ന സമ്പ്രദായങ്ങളെ തിരിച്ചുകൊണ്ടു വരുന്നതിനുമായുള്ള ശ്രമങ്ങൾ വിദ്യാലയങ്ങൾക്കുള്ളിൽ നടക്കുന്നത് പരിഷ്കൃത സമൂഹം ഒരുമിച്ചു നിന്നുകൊണ്ട് ചോദ്യം ചെയ്യണം. ഗുരുപൂജയുടെ പേരിൽ കുട്ടികളെ അധ്യാപകരുടെ കാലു പിടിപ്പിക്കുന്ന പരിപാടി വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്ന നിലയിലുള്ള സ്കൂളുകൾ സംഘടിപ്പിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുക. പുതിയ കാലത്ത് അധ്യാപകർ കുട്ടികളെ അറിവ് നിർമ്മാണത്തിന് സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരായാണ് മാറേണ്ടത്. അറിവ് ആർജിക്കാനുള്ള ആധുനിക മാർഗ്ഗങ്ങൾ ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് ഈ ഡിജിറ്റൽ കാലത്ത് പരിചിതമാണ്. അധ്യാപകർക്ക് മാത്രമറിയാവുന്ന അറിവ് കുട്ടികളിൽ നിക്ഷേപിക്കുന്ന ബാങ്കിങ് സമ്പ്രദായം എന്ന നിലയിൽ നിന്ന് വിദ്യാഭ്യാസ പ്രവർത്തനത്തെ മോചിപ്പിക്കണമെന്ന് നമ്മോട് പറഞ്ഞത് വിശ്വപ്രസിദ്ധനായ വിദ്യാഭ്യാസ പ്രവർത്തകൻ പൗലോ ഫ്രെയറാണ്.
ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഗുരുകുല സമ്പ്രദായത്തെ തിരിച്ചു കൊണ്ടുവരുന്നതിനും, വിദ്യാഭ്യാസത്തെ സങ്കുചിത താല്പര്യക്കാർ നിർമ്മിക്കുന്ന കൃത്രിമ വിവരങ്ങൾ പഠിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ശക്തി പകരാനുമാണ് ചില സ്കൂളുകളിൽ നടക്കുന്ന പാദപൂജകളുടെ ലക്ഷ്യമെന്ന് നാം തിരിച്ചറിയണം. വിദ്യാഭ്യാസത്തിൻ്റെ ആധുനിക ലക്ഷ്യങ്ങളെ തുരങ്കം വയ്ക്കുന്നതും, ദേശീയ വിദ്യാഭ്യാസ നായത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതുമായ പാദപൂജകൾ ആധുനിക കേരളത്തിന് യോജിക്കുന്നതല്ലെന്ന് നമുക്ക് പ്രഖ്യാപിക്കാനാവണം. കുട്ടികളെ കാലു പിടിപ്പിക്കാനല്ല പഠിപ്പിക്കേണ്ടതെന്നും, നിവർന്നു നിൽക്കാനും, ചോദ്യം ചെയ്യാനുള്ള ശേഷിയുള്ള ആധുനിക മനുഷ്യരാക്കി മാറ്റുന്നതിനു മാണ് വിദ്യാഭ്യാസത്തിലൂടെ കഴിയേണ്ടതെന്നും, പാദപൂജകൾക്ക് കുട്ടികളെ നിർബന്ധിക്കുന്ന സ്കൂളുകളെ പരിഷ്കൃത സമൂഹം തള്ളിക്കളയണമെന്നും ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു









0 comments