അഴീക്കോടന്‍ ദിനം ആചരിക്കുക

തിരുവനന്തപുരം
അഴീക്കോടന്‍ രാഘവന്റെ അമ്പത്തിമൂന്നാം രക്തസാക്ഷിത്വ ദിനം ചൊവ്വാഴ്ച ആചരിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു. 1972 സെപ്തംബര്‍ 23നാണ് കോണ്‍ഗ്രസ് പിന്തുണയോടെ തീവ്രവാദത്തിന്റെ പൊയ്‌മുഖമണിഞ്ഞ സംഘം സഖാവിനെ കൊലചെയ്തത്. കമ്യൂണിസ്റ്റ് പാര്‍ടിയും വര്‍ഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാനും നയിക്കാനും സുപ്രധാന പങ്കായിരുന്നു അഴീക്കോടന്‍ രാഘവന്റേത്.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കൊലചെയ്യപ്പെട്ട സമുന്നത നേതാവാണ് അദ്ദേഹം. സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനറായും പ്രവര്‍ത്തിച്ചു. പാര്‍ടിയില്‍ ഉയര്‍ന്ന ഇടതുപക്ഷ തീവ്രവാദ നിലപാടുകള്‍ക്കും വലതുവ്യതിയാനത്തിനും എതിരെ പൊരുതി.
ജനാധിപത്യ സംവിധാനം ഇല്ലാതാക്കി, ഭരണഘടനാ സ്ഥാപനങ്ങളെ കാല്‍ക്കീഴിലാക്കി ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനാണ് സംഘപരിവാര്‍ നിയന്ത്രിക്കുന്ന മൂന്നാം മോദി ഭരണം ശ്രമിക്കുന്നത്. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുകയാണ്.
സര്‍വകലാശാലകളെപോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. സര്‍ക്കാരിനെതിരെ നിരന്തരം കള്ളവാര്‍ത്തകള്‍ ചമച്ച് അവര്‍ക്ക് പിന്തുണ നല്‍കുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ മറന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേരളം തിരിച്ചറിയുന്നു. ഇത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്താന്‍ അഴീക്കോടന്റെ സ്മരണ കരുത്തേകും. പാര്‍ടി പതാക ഉയര്‍ത്തിയും ഓഫീസ് അലങ്കരിച്ചും അനുസ്മരണ സമ്മേളനം നടത്തിയും അഴീക്കോടന്‍ ദിനം ആചരിക്കാൻ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.









0 comments