അഴീക്കോടൻ സ്മരണ പുതുക്കി കേരളം

അഴീക്കോടൻ രക്തസാക്ഷിദിനത്തിൽ സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തേക്കിൻകാട് വിദ്യാർഥികോർണറിൽ സംഘടിപ്പിച്ച പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
കണ്ണൂർ/ തൃശൂർ
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണി കൺവീനറുമായിരുന്ന അഴീക്കോടൻ രാഘവന് നാടിന്റെ സ്‌മരണാഞ്‌ജലി. 53–-ാം രക്തസാക്ഷിത്വ വാർഷിക ദിനം ചൊവ്വാഴ്‌ച സംസ്ഥാനത്തെങ്ങും ആചരിച്ചു. ഓഫീസുകൾ അലങ്കരിച്ചും പ്രഭാതഭേരി നടത്തിയും അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചുമാണ് ധീരരക്തസാക്ഷിയുടെ സ്‌മരണ പുതുക്കിയത്. അഴീക്കോടൻ കുത്തേറ്റുവീണ തൃശൂർ ചെട്ടിയങ്ങാടിയിലും കണ്ണൂർ പയ്യാന്പലത്തെ സ്‌മൃതിമണ്ഡപത്തിലും രാവിലെ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.
തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിൽ സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ പതാക ഉയർത്തി. തുടർന്ന് പ്രകടനമായി അഴീക്കോടൻ കുത്തേറ്റുവീണ ചെട്ടിയങ്ങാടിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ചുവപ്പുസേനാ പരേഡിനെ തുടർന്ന് തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ചുവപ്പുസേനയുടെ ഗാർഡ് ഓഫ് ഓണറും സ്വീകരിച്ചു. ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ അധ്യക്ഷനായി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു എന്നിവർ സംസാരിച്ചു. മന്ത്രി ആർ ബിന്ദു അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
കണ്ണൂർ പയ്യാമ്പലത്തെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്ക് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് തുടങ്ങിയവർ നേതൃത്വം നൽകി. അഴീക്കോടന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. അനുസ്‌മരണ സമ്മേളനം ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു.









0 comments