ആറ്റുകാൽ പൊങ്കാല; കോർപറേഷനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയും

atukal cleaning
വെബ് ഡെസ്ക്

Published on Mar 13, 2025, 11:22 PM | 1 min read

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ലോകത്തിനു മാതൃകയാകും വിധം സുരക്ഷിതത്വവും നഗരത്തിന്റെ ശുചിത്വവും ഉറപ്പാക്കി പൂർത്തിയാക്കാൻ സംഘാടകർക്കായത് അഭിമാനകരമായ കാര്യമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്സവ നടത്തിപ്പിന്‌ കോർപറേഷനും പൊലീസും മറ്റു സർക്കാർ വകുപ്പുകളും സൗകര്യങ്ങളും പിന്തുണയും നൽകി. ഒപ്പം വിവിധ സംഘടനകളും നഗര പൗരാവലിയും പങ്കുചേർന്നു. ഹരിതചട്ടം കർശനമായി പാലിച്ചാണ് ഉത്സവത്തിനാവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കിയത്.


പൊങ്കാല സമാപിച്ച് അൽപ്പ സമയത്തിനകം ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായി. അതിനു നേതൃത്വം നൽകിയ കോർപറേഷനെയും ശുചീകരണ തൊഴിലാളികളെയും ഹരിത കർമ സേനാംഗങ്ങളെയും പ്രത്യേകം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

കോർപറേഷന്റെ ക്രിയാത്മക ഇടപെടലിനെ മന്ത്രി എം ബി രാജേഷും അഭിനന്ദിച്ചു. പതിനായിരങ്ങൾ പങ്കാളികളായ പൊങ്കാല അവസാനിച്ച് മണിക്കൂറുകൾക്കകം നഗരം പൂർവസ്ഥിതിയിലാക്കാൻ കോർപറേഷനു കഴിഞ്ഞു. റോഡ് കഴുകൽ ഉൾപ്പെടെ നടത്തിയാണ് നഗരത്തെ പൂർവസ്ഥിതിയിലാക്കിയത്. കൃത്യമായ ആസൂത്രണത്തോടെ, മികവാർന്ന പ്രവർത്തനം നടത്തിയ മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള കോർപറേഷനെയും പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ ശുചീകരണ തൊഴിലാളികളെയും സംസ്ഥാന സർക്കാരിനുവേണ്ടി ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നതായി മന്ത്രി പറഞ്ഞു.


പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും സ്റ്റീൽ പാത്രം ഉൾപ്പെടെ കൊണ്ടുവരാനും പരമാവധി ആളുകൾ ശ്രദ്ധിച്ചിട്ടുണ്ട്. പൊങ്കാലയിടാൻ എത്തിയവരും ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്‌തവരും ക്രമീകരണങ്ങളോട് സഹകരിച്ചുവെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home