ഗുരുവിനെ മതസന്യാസിയാക്കാനുള്ള വർഗീയശക്തികളുടെ ശ്രമങ്ങളെ ജാഗ്രതയോടെ കാണണം: മുഖ്യമന്ത്രി

cm
avatar
സ്വന്തം ലേഖകൻ

Published on Sep 07, 2025, 09:23 PM | 1 min read

തിരുവനന്തപുരം: കേവലം ഒരു മതസന്യാസിയാക്കി ശ്രീനാരായണഗുരുവിനെ അവതരിപ്പിക്കാനുള്ള വർഗീയശക്തികളുടെ ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മഹാദർശനങ്ങൾ മുന്നോട്ടുവച്ച ഗുരുവിനെ ഹിന്ദുമതനവോത്ഥാനത്തിന്റെ നായകനായി അവതരിപ്പിക്കാൻ വർഗീയശക്തികൾ നടത്തുന്ന ശ്രമത്തിന്റെ ചരിത്രവിരുദ്ധതയെയും മനുഷ്യത്വരാഹിത്യത്തെയും തിരിച്ചറിയാൻ കഴിയണമെന്നും ചെമ്പഴന്തിയിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.


അന്യമതവിദ്വേഷവും ആക്രമണോത്സുകമായ മതവർഗീയതയും പ്രചരിപ്പിക്കുന്നവർ ഗുരുവിനെ തങ്ങളുടെ ചേരിയിൽ പ്രതിഷ്‌ഠിക്കാൻ നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണം. ഗുരുവിന്റെ നേതൃത്വത്തിൽ കൈവന്ന നവോത്ഥാനത്തിന്റെ മാനവികമൂല്യങ്ങൾ തട്ടിത്തെറിപ്പിക്കാനാണ്‌ ഇവർ ശ്രമിക്കുന്നത്‌. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിച്ച്‌ മുന്നേോട്ടുകൊണ്ടുപോകുന്നതിന്‌ അന്യമതവിദ്വേഷം അലങ്കാരമായി കരുതുന്ന ഇത്തരം ശക്തികളാൽ ഗുരു അപഹരിക്കപ്പെടുന്നത്‌ അനുവദിച്ചുകൂട. ശ്രീനാരായണഗുരുവിന്റെ ആദർശം സംരക്ഷിക്കപ്പെടുന്നതിനായി സമൂഹത്തിലെ ഇടപെടലിന്‌ കൂടുതൽ നേതൃത്വം കൊടുക്കാൻ ശിവഗിരിമഠത്തിന്‌ കഴിയണം. നാടിന്റെ തനിമ നവോത്ഥാനകാലഘട്ടത്തിനുശേഷം നേടിയെടുത്തതാണ്‌. ഇന്ന്‌ ഭേദചിന്തയില്ലാതെ സോദരത്വേന കഴിയാൻ നമുക്ക്‌ സാധിക്കുന്നു. തൊട്ടുകൂടായ്‌മയും തീണ്ടലും കണ്ണിൽപ്പെടാൻ പാടില്ലാത്ത അവസ്ഥയുമൊക്കെ ഒരുകാലത്തുണ്ടായിരുന്നു.


ഇതെല്ലാം മാറ്റിമറിക്കാനാണ്‌ ഗുരുവിന്റെ നേതൃത്വത്തിൽ നവോത്ഥാനനായകർ പോരാടിയത്‌. അതേറ്റെടുത്താണ്‌ പിന്നീട്‌ കേരളം മുന്നോട്ടുപോയത്‌. വർഗീയശക്തികൾ മേധാവിത്വം വഹിക്കുന്ന അവസ്ഥ വന്നാൽ നേടിയെടുത്ത അവകാശങ്ങളെല്ലാം ഇല്ലാതാകും. ആപത്തിനെതിരെ ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ ഓണമടക്കം എല്ലാം നഷ്‌ടപ്പെടും. മതത്തിന്റെ എല്ലാ സാബ്രദായിക അതിരുകളിൽനിന്നും പുറത്തുകടന്നാണ്‌ ഗുരു മതങ്ങൾക്കതീതമായി മനുഷ്യനെ പ്രതിഷ്‌ഠിച്ചത്‌. അവിടെനിന്ന്‌ ഗുരുവിനെ അപഹരിക്കാനാണ്‌ ശ്രമിക്കുന്നത്‌. എന്നുവച്ചാൽ നാം കൈവരിച്ച മാനവികമൂല്യങ്ങളെല്ലാം അപഹരിക്കപ്പെടുക എന്നാണർഥം. ഗുരുവിന്റെ ദർശന തെളിച്ചത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തോൽപ്പിച്ചില്ലെങ്കിൽ വലിയ ആപത്തിലേക്ക്‌ സമൂഹം തള്ളിവിടപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home