എൻഐഎ തുടങ്ങി; കന്യാസ്‌ത്രീകൾക്കെതിരായ പകപോക്കൽ തുടരുന്നു

Nuns
വെബ് ഡെസ്ക്

Published on Aug 05, 2025, 03:18 AM | 2 min read

ന്യൂഡൽഹി: ഛത്തീസ്​ഗഡിലെ ബിജെപി സർക്കാരെടുത്ത കള്ളക്കേസിൽ ജാമ്യം ലഭിച്ചെങ്കിലും മനുഷ്യക്കടത്ത് ആരോപണത്തിൽ മലയാളി കന്യാസ്ത്രീകൾക്കെതിരായ വേട്ടയാടൽ തുടരുന്നു. കേസിൽ ദേശീയ അന്വേഷണ ഏജൻസി പ്രാഥമിക അന്വേഷണം തുടങ്ങി. കേന്ദ്രസര്‍ക്കാരും ബിജെപിയും "നൽകിയ ഉറപ്പ്’ ലംഘിച്ചാണ്‌ നീക്കം.


ബജ്‍റം​ഗ്‌ദളിനുവേണ്ടി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത റെയിൽവേ പൊലീസിൽനിന്നും ദുർഗ്‌ പൊലീസ്‌ സ്റ്റേഷനിൽനിന്നും എൻഐഎ ഉദ്യോഗസ്ഥർ തിങ്കളാഴ്ച പ്രാഥമിക വിവരങ്ങൾ തേടി. ‘മനുഷ്യക്കടത്ത്‌’ കുറ്റം ആരോപിക്കുന്ന ബിഎൻഎസ്‌ 143 വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളാണ്‌ ശേഖരിച്ചത്‌. കേസ്‌ എൻഐഎയ്ക്ക്‌ കൈമാറാൻ ഛത്തീസ്‌ഗഡ്‌ സർക്കാരോ കേന്ദ്രസർക്കാരോ ഔദ്യോഗിക വിജ്ഞാപനമിറക്കിയിട്ടില്ലെങ്കിലും കന്യാസ്‌ത്രീകളെ ലക്ഷ്യമിട്ടുള്ള അന്വേഷണ നടപടികളാണ്‌ ആരംഭിച്ചത്‌. ഇടതുപക്ഷ എംപിമാരുമായുള്ള കൂടിക്കാഴ്‌ചയിൽ കേസ്‌ എൻഐഎ കോടതിക്ക്‌ വിട്ടത്‌ തെറ്റായ തീരുമാനമായിരുന്നെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ പറഞ്ഞിരുന്നു. ഛത്തീസ്‌ഗഡ്‌ സർക്കാരിനെക്കൊണ്ട്‌ വിടുതൽ ഹർജി നൽകുമെന്നുമായിരുന്നു "ഉറപ്പ്'.


നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത്‌ കുറ്റങ്ങൾ ചുമത്തപ്പെട്ട് അറസ്റ്റിലായ സിസ്റ്റര്‍മാരായ വന്ദന ഫ്രാൻസിസിനും പ്രീതി മേരിക്കും ജാമ്യം ലഭിച്ചതിൽ ഛത്തീസ്‌ഗഡിലും കേരളത്തിലും സംഘപരിവാറിനുള്ളിൽ എതിർപ്പ്‌ നിലനിലനിൽക്കുന്ന സാഹചര്യത്തിലാണ്‌ കേസന്വേഷണം കേന്ദ്ര ഏജൻസി ഏറ്റെടുക്കുന്നത്‌. എൻഐഎയുടെ അഭിഭാഷകൻ കന്യാസ്ത്രീകളുടെ ജാമ്യ ഹർജിയെ എതിർത്ത്‌ കോടതിയിൽ ഹാജരായിരുന്നു. കന്യാസ്ത്രീകൾ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം എൻഐഎ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്.


കന്യാസ്ത്രീകളെ മനുഷ്യക്കടത്തുകാരായി ചിത്രീകരിക്കുന്ന കാർട്ടൂൺ ഛത്തീസ്‌ഗഡ്‌ ബിജെപിയുടെ ഔദ്യോഗിക എക്‌സ്‌ അക്കൗണ്ടിൽ പോസ്‌റ്റുചെയ്‌തിരുന്നു. മതപരിവർത്തന നിയമം കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികൾ ഛത്തീസ്‌ഗഡ്‌ സർക്കാർ തുടരുകയുമാണ്‌.കന്യാസ്‌ത്രീകളെ സുരക്ഷ പരിഗണിച്ച്‌ ദല്ലി രാജ്‌ഹര മഠത്തിലേക്ക്‌ മാറ്റിയിരുന്നു. വെള്ളിയാഴ്‌ച ഇരുവരും കേരളത്തിലേക്ക്‌ തിരിക്കും. തെളിവുകളുടെ അഭാവത്തിലും യുവതികളുടെ മാതാപിതാക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തിലുമാണ്‌ ശനിയാഴ്‌ച ബിലാസ്‌പുർ എൻഐഎ കോടതി ജഡ്‌ജ്‌ സിറാജുദ്ദീൻ ഖുറേഷി ജാമ്യം അനുവദി
ച്ചത്‌.


റെയിൽവേ പൊലീസ്‌ എടുത്ത കേസ്‌ എൻഐഎ അന്വേഷിക്കുന്നതിൽ കന്യാസ്ത്രീകളുടെ ബന്ധുക്കളും സിബിസിഐയും ആശങ്ക അറിയിച്ചു. എഫ്‌ഐആർ റദ്ദാക്കുന്നത്‌ ആവശ്യപ്പെട്ട്‌ ഛത്തീസ്‌ഗഡ്‌ ഹൈക്കോടതിയിൽ ഉടൻ അപേക്ഷ നൽകുമെന്ന്‌ സിബിസിഐ അറിയിച്ചു. അതേസമയം, ബജ്‌റംഗ്‌ദൾ പ്രവർത്തകരുടെ ക്രൂര മർദനത്തിനിരയായ യുവതികൾ നൽകിയ പരാതിയിൽ പൊലീസ്‌ കേസെടുക്കാൻ തയ്യാറായില്ല. ബലാംത്സംഗ ഭീഷണി ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ്‌ പരാതി നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home