ഹോട്ടൽ ഉടമയിൽ നിന്നും 5000 രൂപ കൈക്കൂലി; അസിസ്റ്റന്റ് ലേബർ ഓഫീസർ വിജിലൻസ് പിടിയിൽ

തൃശൂർ: ഹോട്ടൽ ഉടമയിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് ലേബർ ഓഫീസറെ വിജിലൻസ് പിടികൂടി. കാക്കനാട് ലേബർ ഓഫീസർ കെ എ ജയപ്രകാശിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്. ചാവക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസറായിരിക്കെ നടത്തിയ നടത്തിയ ക്രമക്കേടിലാണ് അറസ്റ്റ്. പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഹോട്ടലിൽ താൽക്കാലിക ജോലിക്കാർ അധികമാണെന്നും നടപടികളിൽ നിന്നും ഒഴിവാക്കിതരാമെന്നും പറഞ്ഞാണ് ഹോട്ടൽ ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയത്.
ഗുരൂവായൂർ ക്ഷേത്ര പരിസരത്തെ ഹോട്ടലിൽ ആഗസ്ത് 30ന് ലേബർ ഓഫീസർ കെ എ ജയപ്രകാശ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ താൽക്കാലിക ജീവനക്കാർ കൂടുതലാണെന്നും തന്നെ കാണേണ്ടുപോലെ കണ്ടാൽ എല്ലാം ശരിയാക്കി തരാമെന്നുമാണ് ഹോട്ടൽ മാനേജറോട് പറഞ്ഞത്. പിന്നീട് മാനേജറെ വിളിച്ച് പണം ആവശ്യപ്പെടുകയും നോട്ടീസ് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സെപ്തംബർ പത്തിന് ലേബർ ഓഫീസിൽ ഹാജരാകാൻ നോട്ടീസ് അയച്ചു. അതിന് ശേഷം മാനേജറെ വിളിച്ച് സെപ്തംബർ 16ന് ഓഫീസിൽ എത്തിയാൽ മതിയെന്ന് അറിയിച്ചു. ഓഫീസിൽ എത്തിയപ്പോൾ തുടർ നടപടികൾ സ്വീകരിക്കാതിരിക്കാൻ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും 5000 രൂപ നിർബന്ധിച്ച് വാങ്ങുകയും ചെയ്തു.
എന്നാൽ സെപ്തംബർ 17ന് ചാവക്കാട് നിന്നും സ്ഥലം മാറ്റം ലഭിച്ച ജയപ്രകാശ് എറണാകുളം, കാക്കനാട് ലേബർ ഓഫീസിൽ ജോയിൻ ചെയ്തു. ഈ വിവരം മാനേജരിൽ നിന്നും മറച്ചുവെച്ച് ബാക്കി തുകയായി 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഗൂഗിൾ പേ വഴി പണം നൽകാനാണ് ആവശ്യപ്പെട്ടത്. ഇതു സാധിക്കില്ലെന്ന് അറിയിച്ചപ്പോൾ താൻ നേരിട്ട് വന്ന് പണം വാങ്ങിക്കൊള്ളാമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ മാനേജർ തൃശൂർ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പ്രതിയെ കയ്യോടെ പിടികൂടുന്നത്.
അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.









0 comments