ആശമാർക്ക്‌ കേന്ദ്രം ഇൻസെന്റീവ്‌ വർധിപ്പിച്ചെന്ന്‌ നുണപ്രചാരണം ; ഏറ്റവും കൂടുതൽ ഇൻസെന്റീവ്‌ നൽകുന്നത് കേരളം

asha workers incentive kerala
avatar
ഒ വി സുരേഷ്‌

Published on Jul 27, 2025, 01:45 AM | 2 min read


തിരുവനന്തപുരം

ആശമാർക്കുള്ള പ്രോത്സാഹനത്തുക കേന്ദ്രസർക്കാർ 3500 രൂപയാക്കി വർധിപ്പിച്ചെന്ന്‌ നുണപ്രചാരണം. മാർച്ച്‌ നാലിന്‌ ആരോഗ്യമന്ത്രി ജെ പി നദ്ദയുടെ അധ്യക്ഷതയിൽ ദേശീയാരോഗ്യ ദൗത്യം സ്‌റ്റിയറിങ്‌ ഗ്രൂപ്പിന്റെ ഒമ്പതാമത്‌ യോഗത്തിലാണ്‌ തീരുമാനമെടുത്തതെന്നാണ്‌ ലോക്‌സഭയിലെ മറുപടിയിൽ പറയുന്നത്‌. എന്നാൽ ഏഴുമാസമായിട്ടും ഉത്തരവ്‌ ഇറങ്ങിയിട്ടില്ല.


ഇൻസെന്റീവ്‌ 3500 രൂപ നൽകുന്നതിലെ പരിമിതിയെക്കുറിച്ചാണ്‌ യോഗത്തിന്റെ മിനുട്‌സിൽ പറയുന്നത്‌. മാസം 135 കോടിയും വർഷം 1625 കോടിയും രൂപ അധികം വേണമെന്നും സാമ്പത്തികനില ഭദ്രമായാലേ നടപ്പാക്കാനാകൂ എന്നും മിനുട്‌സിൽ പറയുന്നു. 2023 ജനുവരി 11ന്‌ ചേർന്ന എട്ടാമത്‌ സ്‌റ്റിയറിങ്‌ കമ്മിറ്റി യോഗത്തിന്റെ മിനുട്‌സ്‌ അംഗീകരിക്കലായിരുന്നു ഒമ്പതാമത്‌ യോഗത്തിന്റെ ആദ്യഅജണ്ട. ഒമ്പതാമത്‌ യോഗത്തിന്റെ അജണ്ട അംഗീകരിക്കുന്നത്‌ രണ്ടോമൂന്നോ വർഷം കഴിഞ്ഞ്‌ ചേരുന്ന പത്താമത്‌ സ്‌റ്റിയറിങ്‌ കമ്മിറ്റി യോഗത്തിലാകും.


ആശാപ്രവർത്തകർക്കുള്ള ഇൻസെന്റീവിന്റെ 40 ശതമാനം നൽകുന്നത്‌ സംസ്ഥാന സർക്കാരാണ്‌. 2000 രൂപയിൽ 800 രൂപ സംസ്ഥാന വിഹിതമാണ്‌. 10 വർഷത്തിലേറെയായി ഇൻസെന്റീവ്‌ വർധിപ്പിച്ചിട്ടില്ല. വർധന ആവശ്യപ്പെട്ട്‌ മന്ത്രി വീണാജോർജ്‌ 2024 സെപ്‌തംബർ 17ന്‌ കേന്ദ്ര ആരോഗ്യമന്ത്രിക്ക്‌ നിവേദനം നൽകി. വീണ്ടും ഈ വർഷം ഏപ്രിൽ ഒന്നിന്‌ കേന്ദ്രമന്ത്രിയെ സന്ദർശിച്ച്‌ നിവേദനം നൽകി.


മാർച്ച്‌ നാലിന്റെ യോഗതീരുമാനം സർക്കാരിനെ അറിയിച്ചില്ലെന്നു മാത്രമല്ല, വർധിപ്പിക്കുന്നത്‌ പരിഗണനയിലില്ല എന്നായിരുന്നു മറുപടി. പാർലന്റെിൽ നേരത്തെ വന്ന ചോദ്യങ്ങൾക്കുള്ള മറുപടിയിലും വർധിപ്പിക്കുന്ന കാര്യം പറഞ്ഞിട്ടില്ല. കേരളത്തിലാണ്‌ ആശാപ്രവർത്തകർക്ക്‌ ഏറ്റവും കൂടുതൽ അനുകൂല്യം നൽകുന്നത്‌. മാസം 7000 രൂപ. ഇതിൽ കേന്ദ്ര വിഹിതമില്ല. കൂടാതെ 3000 രൂപ പ്രതിമാസ ഇൻസെന്റീവിൽ 1200 രൂപയും സംസ്ഥാനം നൽകുന്നു. 2016 ൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ ആയിരം രൂപ മാത്രമായിരുന്ന ഓണറേറിയം ഇപ്പോൾ ഏഴായിരമാക്കി. ഓണറേറിയവും ഇൻസെന്റീവുകളും ഉൾപ്പെടെ നന്നായി പ്രവർത്തിക്കുന്ന ആശയ്ക്ക് 13000മുതൽ 15,000 രൂപവരെ കേരളത്തിൽ ലഭിക്കും.


ആശമാരെ കബളിപ്പിക്കാൻ എസ്‌യുസിഐയും

ആശമാർക്കുള്ള ഇൻസെന്റീവ്‌ വർധിപ്പിച്ചതായി എൻ കെ പ്രേമചന്ദ്രൻ എംപിയുടെ പേരിൽവന്ന പ്രസ്‌താവന ഏറ്റുപിടിച്ച്‌ ആശമാരെ കബളിപ്പിച്ച്‌ എസ്‌യുസിഐയും. കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപിയുടെ ഇടപെടലിലാണ്‌ ഇൻസെന്റീവ്‌ വർധിപ്പിച്ചതെന്ന്‌ പ്രചരിപ്പിക്കുന്നതിനൊപ്പം സംസ്ഥാന സർക്കാരിനെ അവഹേളിച്ചുമാണ്‌ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം.


ഫെബ്രുവരി 10ന്‌ സെക്രട്ടറിയറ്റിനു മുന്നിൽ ആരംഭിച്ച എസ്‌യുസിഐ സമരത്തിൽ ഇൻസെന്റീവ്‌ വർധന എന്ന ആവശ്യം ഉണ്ടായിരുന്നില്ല. ആശാ പ്രവർത്തകർ കേന്ദ്രസർക്കാരിന്റെ പദ്ധതിയുടെ ഭാഗമായതിനാൽ സമരം കേന്ദ്രസർക്കാരിനെതിരെയല്ലേ വേണ്ടത്‌ എന്ന വിമർശനമുയർന്നപ്പോൾ സംസ്ഥാനം നൽകുന്ന 7000 രൂപയുടെ ഓണറേറിയം 21,000 രൂപയാക്കണമെന്നതാണ്‌ ആവശ്യമെന്നും സംസ്ഥാന സർക്കാരിനെതിരാണ്‌ സമരമെന്നുമാണ്‌ എസ്‌യുസിഐ നേതാക്കൾ മാധ്യമങ്ങളോട്‌ പറഞ്ഞത്‌.


എസ്‌യുസിഐയുടെ ആവശ്യം ഇൻസെന്റീവ്‌ വർധന ആയിരുന്നില്ല. സംസ്ഥാനം നൽകുന്ന ഓണറേറിയം 21,000 രൂപയാക്കണമെന്നായിരുന്നു. രാജ്യത്ത്‌ ഏറ്റവും ഉയർന്ന ഓണറേറിയം കേരളത്തിലാണ്‌. എന്നിട്ടും സംസ്ഥാന സർക്കാരിനെതിരായാണ്‌ എസ്‌യുസിഐ സമരം. ഓണറേറിയം വർധിപ്പിക്കണമെന്നാണ്‌ സർക്കാർ നിലപാടെന്നും എന്നാൽ പെട്ടെന്ന്‌ തീരുമാനമെടുക്കാനാകില്ലെന്നുമാണ്‌ ചർച്ചയിൽ സർക്കാർ വ്യക്തമാക്കിയത്‌. ഇൻസെന്റീവ്‌ വർധിപ്പിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദംചെലുത്താമെന്ന്‌ മന്ത്രി തന്നെ പറഞ്ഞിട്ടും അതല്ല തങ്ങളുടെ ആവശ്യമെന്നായിരുന്നു എസ്‌യുസിഐ നേതാക്കൾ ആവർത്തിച്ചത്‌.


ഇതേ എസ്‌യുസിഐ ആണ്‌ ഇൻസെന്റീവ്‌ വർധിപ്പിപ്പിച്ചതായ പ്രചാരണം ഏറ്റുപിടിച്ച്‌ ഇത്‌ തങ്ങളുടെ നേട്ടമെന്ന്‌ മേനിനടിക്കുന്നത്‌. തീരുമാനമെടുത്ത്‌ ഏഴുമാസമായിട്ടും ഉത്തരവിറക്കാനോ, ഇൻസെന്റീവിന്റെ 40 ശതമാനം നൽകുന്ന സംസ്ഥാന സർക്കാരിനെ അറിയിക്കാനോ തയ്യാറായിട്ടുമില്ല.


വർധിപ്പിക്കുന്നതിൽ നിഷേധാത്മക സമീപനമായിരുന്നു കേന്ദ്രസർക്കാരിന്‌. അതിനെ മറച്ചുവയ്‌ക്കാനാണ്‌ എസ്‌യുസിഐയുടെ ബിജെപി അനുകൂല പ്രചാരണം.



deshabhimani section

Related News

View More
0 comments
Sort by

Home