കർണാടകത്തിൽ ആശമാർക്ക് ഓണറേറിയം 5000 രൂപ മാത്രം ; 10000 രൂപയെന്ന് തെറ്റിദ്ധരിപ്പിച്ച് കോൺഗ്രസ് നേതാക്കൾ

ഒ വി സുരേഷ്
Published on Mar 17, 2025, 01:49 AM | 2 min read
തിരുവനന്തപുരം : കർണാടകത്തിൽ ആശാപ്രവർത്തകർക്ക് ഓണറേറിയം 10,000 രൂപയാക്കിയെന്നത് പച്ചക്കള്ളം. കോൺഗ്രസ് ഭരിക്കുന്ന ഇവിടെ ഓണറേറിയം 5,000 രൂപ മാത്രമാണ്.
കഴിഞ്ഞ ജനുവരിയിൽ ആശമാർ നടത്തിയ സമരം ഒത്തുതീർക്കാൻ ഇൻസെന്റീവ് ഉൾപ്പെടെ പതിനായിരമാക്കുമെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഗ്‌ദാനം. എന്നാൽ ധനമന്ത്രി കൂടിയായ അദ്ദേഹം അവതരിപ്പിച്ച ബജറ്റിൽ ടീം ബേസ്‌ഡ് ഇൻസെന്റീവ് 1000 രൂപ ഓണറേറിയത്തിൽ വർധിപ്പിക്കുമെന്നാണ് പറയുന്നത്. കേരളത്തിൽ ഇത് കൂടാതെയാണ് ഏഴായിരം രൂപ ഓണറേറിയം.
വർഷങ്ങളായി ഇതിലൊരു മാറ്റവുമില്ല. മാത്രമല്ല മാസങ്ങളുടെ കുടിശ്ശികയുമുണ്ട്. എന്നിട്ടും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആശമാരെ തെറ്റിദ്ധരിപ്പിക്കാൻ കള്ളം പറയുകയാണ്. ബിജെപി പിന്നിൽനിന്ന് നയിച്ചാണ് സംസ്ഥാനത്തിനെതിരായ എസ്‌യുസിഐ സമരം. എന്നാൽ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളേക്കാൾ ഓണറേറിയം കൂടുതൽ കേരളത്തിലാണ്. ഇവിടത്തെപൊലെ പരിഗണന മറ്റു സംസ്ഥാനങ്ങളിൽ ആശമാർക്ക് ലഭിക്കുന്നുമില്ല.
ഇൻസെന്റീവ് വർധിപ്പിക്കേണ്ടത് കേന്ദ്രം
ആശമാർക്ക് കേന്ദ്രം നിശ്‌ചയിച്ച 3000 രൂപയുടെ ഇൻസെന്റീവ് വർധിപ്പിക്കണമെന്ന് 2021–- 22ൽ തന്നെ ആശാ നാഷണൽ മെന്ററിങ് കമ്മിറ്റി സർക്കാരിന് ശുപാർശ നൽകിയിരുന്നു. മൂന്നുവർഷമായിട്ടും അതിൽ കേന്ദ്ര സർക്കാർ തീരുമാനമെടുത്തില്ല. 3000 രൂപ ഇൻസെന്റീവിൽ 60 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. അതായത് 2200 രൂപ. ബാക്കി 1800 രൂപ സംസ്ഥാനമാണ് നൽകുന്നത്. പത്തുവർഷത്തെ സർവീസ് പൂർത്തിയായവർ ഒഴിവാകുമ്പോൾ 20,000 രൂപ നൽകാൻ വ്യവസ്ഥയുണ്ട്. ഇതിലും 40 ശതമാനം സംസ്ഥാനവിഹിതമാണ്. ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കണമെങ്കിൽ കേന്ദ്ര സർക്കാർ തീരുമാനിക്കണം.
കേന്ദ്രത്തോട് പ്രതിഷേധമില്ലെന്ന്
ആശമാരുടെ വേതനം വർധിപ്പിക്കുമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പാർലമെന്റിലെ അറ്റവും മുറിയുമില്ലാത്ത വാഗ്‌ദാനത്തിൽ നടപടിയോ ഉത്തരവോ ഉണ്ടാകാത്തതിൽ പ്രതിഷേധിക്കാതെ സെക്രട്ടറിയറ്റിനു പടിക്കലെ സമരക്കാർ.
ദേശീയ ആരോഗ്യമിഷൻ യോഗത്തിൽ വേതന വർധന ചർച്ചയായെന്നാണ് കേന്ദ്രമന്ത്രി ജെ പി നദ്ദ പാർലമെന്റിൽ പറഞ്ഞത്. എൻഎച്ച്‌എമ്മിനുള്ള വിഹിതം വർധിപ്പിക്കുമെന്നായിരുന്നു അന്ന് പഞ്ഞത്. എന്നാൽ ഇതിൽപോലും രേഖാമൂലം ഉറപ്പുനൽകാൻ കേന്ദ്രത്തിനായിട്ടില്ല.
എന്നാൽ ആഴ്ചയിൽ രണ്ടുതവണ വീതം സമരപന്തലിലെത്തുന്ന കേന്ദ്ര സഹമന്ത്രി "സുരേഷ് ഗോപി'ക്കും ഇക്കാര്യത്തിൽ ഉറപ്പൊന്നുമില്ല. എന്നാൽ ഇതിനെതിരെ ഒരുവാക്ക് മിണ്ടാൻ സമരക്കാരോ നേതൃത്വം വഹിക്കുന്ന എസ്‌യുസിഐക്കാരോ തയ്യാറാകുന്നില്ല. തിങ്കളാഴ്ച അവർ സെക്രട്ടറിയറ്റ് ഉപരോധവും പ്രഖ്യാപിച്ചിരിക്കുകയാണ്.









0 comments