ആശമാരുടെ ഓണറേറിയം ; യുഡിഎഫ് തദ്ദേശസ്ഥാപനങ്ങളുടെ പ്രഖ്യാപനത്തിന് നിയമസാധുതയില്ല

ഒ വി സുരേഷ്
Published on Mar 28, 2025, 11:58 PM | 1 min read
തിരുവനന്തപുരം : കേന്ദ്രസർക്കാരിനു കീഴിലുള്ള ആശാപ്രവർത്തകർക്ക് ഓണറേറിയം നൽകുമെന്ന യുഡിഎഫ് നിയന്ത്രണത്തിലുള്ള ചില തദ്ദേശസ്ഥാപനങ്ങളുടെ പ്രഖ്യാപനം നിയമപരമായി നിലനിൽക്കാത്തത്. ആശമാരെ തെറ്റിദ്ധരിപ്പിക്കലും താൽക്കാലിക രാഷ്ട്രീയലക്ഷ്യവും മാത്രമാണ് ഇതിനുപിന്നിൽ. ബിജെപി സ്‌പോൺസർചെയ്‌ത് യുഡിഎഫ് പിന്തുണയ്‌ക്കുന്ന എസ്‌യുസിഐ സമരം എവിടെയുമെത്താത്ത സ്ഥിതിയിൽ അവരെ സന്തോഷിപ്പിക്കാനുമാണ് യുഡിഎഫ് തീരുമാനം.
കേന്ദ്രസർക്കാരിന്റെ പദ്ധതിയിലുള്ള ആരോഗ്യപ്രവർത്തകരാണ് ആശമാർ. പിഎച്ച്‌സികൾക്കു കീഴിലാണ് ഇവരുടെ പ്രവർത്തനമെങ്കിലും അവരെ തദ്ദേശസ്ഥാപനങ്ങൾക്ക് വിട്ടുകൊടുത്തവയിൽപ്പെടില്ല. അതേസമയം അങ്കണവാടി ജീവനക്കാർ ഈ വിഭാഗത്തിൽപ്പെടും. അതിനാൽ, അവർക്ക് തനത് ഫണ്ടിൽനിന്ന് ആണെങ്കിലും പണം കൊടുക്കാൻ നിയമപരമായി അനുവാദമില്ല. ഓണറേറിയം നൽകുമെന്ന് ചില തദ്ദേശസ്ഥാപനങ്ങൾ ബജറ്റിലാണ് പ്രഖ്യാപിച്ചത്. അത് തീരുമാനമായി വന്നാലും നടപ്പാക്കാൻ സെക്രട്ടറിമാർക്ക് സാധിക്കില്ല. മാർഗനിർദേശങ്ങൾക്കനുസരിച്ചേ തദ്ദേശസ്ഥാപനങ്ങൾക്ക് പദ്ധതികളാവിഷ്‌കരിക്കാനും നടപ്പാക്കാനുമാകൂ. തദ്ദേശസ്ഥാപനങ്ങൾ ആശമാർക്ക് ഓണറേറിയം നൽകണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശവുമില്ല.
യുഡിഎഫ് ഭരണസമിതികളുള്ള തദ്ദേശസ്ഥാപനങ്ങൾ ആശമാർക്ക് ഓണറേറിയം നൽകണമെന്ന മുന്നണി തീരുമാനം അംഗീകരിച്ചിട്ടില്ല. പ്രഖ്യാപിച്ചിടങ്ങളിലാകട്ടെ വ്യത്യസ്‌തമായ തുകയും. ഒരേ ജോലി ചെയ്യുന്നവരോടുള്ള സാമ്പത്തിക വിവേചനവും നിലനിൽക്കില്ല. രാഷ്‌ട്രീയമായ പ്രചാരണത്തിനു മാത്രമാണ് ഈ തീരുമാനമെന്ന് വ്യക്തം.









0 comments